ന്യൂഡൽഹി∙ വിമുക്ത ഭടന്മാരുടെ വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി പുതുക്കുന്നതിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകൾ, ഭിന്നശേഷിയുള്ളവർ എന്നിവരെയും പദ്ധതിയിൽ ഉൾപ്പെടുത്തി. നാലര ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കളുണ്ട്. 25.13 ലക്ഷമാണ് ആകെ ഗുണഭോക്താക്കൾ.
ഒരേ റാങ്കിൽ ഒരേ സേവന ദൈർഘ്യത്തിൽ വിരമിക്കുന്ന സായുധ സേനാംഗങ്ങൾക്ക് ഏകീകൃത പെൻഷൻ നൽകുന്നതാണ് പദ്ധതി. 2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്കരണം നടപ്പിലാക്കുക. 2019 ജൂൺ 30 മുതൽ വിരമിച്ച സായുധ സേനാംഗങ്ങൾക്ക് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
2019 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള 23,600 കോടിയിലധികം രൂപ കുടിശ്ശികയായി നൽകും. കുടിശ്ശിക 4 ഗഡുക്കളായാണു നൽകുക. 31 ശതമാനം ക്ഷാമബത്ത ഉൾപ്പെടെ, പുതുക്കിയ വൺ റാങ്ക്, വൺ പെൻഷൻ പ്രകാരം കേന്ദ്രസർക്കാരിന് പ്രതിവർഷം 8450 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, കോവിഡ് കാലത്ത് രാജ്യത്ത് ആരംഭിച്ച സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2022 ഡിസംബറിൽ അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബര്‍ വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. 2 ലക്ഷം കോടി രൂപയാണ് ഇതിനുള്ള ചെലവ്. ഇതു കേന്ദ്രസർക്കാർ വഹിക്കും. കൊപ്രയുടെ മിനിമം താങ്ങുവില കൂട്ടാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.