ബ്രസിലീയ: രണ്ട് വർഷം മുൻപ് അമേരിക്കയിൽ ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തിന് സമാനമായി ബ്രസീലിലും മുൻ പ്രസിഡൻ്റിൻ്റെ അനുകൂലികൾ ആക്രമണം നടത്തുന്നു. ബ്രസിൽ തലസ്ഥമായ ബ്രസിലീയയിൽ ആണ് മുൻ പ്രസിഡൻ്റ് ബോൾസനാരോയുടെ അനുകൂലികൾ അക്രമം അഴിച്ചു വിട്ടത്. മൂവായിരത്തിലേറെ പേരടങ്ങുന്ന സംഘം ബ്രസീൽ പാർലമെൻ്റും സുപ്രീംകോടതിയും പ്രസിഡൻ്റിൻ്റെ കൊട്ടാരവും ആക്രമിച്ചു. നിലവിൽ ഇവിടങ്ങളിൽ പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുകയാണ്.
അടിയന്തര സാഹചര്യം നേരിടാൻ പ്രസിഡൻ്റ ലുല ഡിസിൽവ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു. ബ്രസീലിൽ ലുലു ഡിസിൽവ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം. തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിട്ട ബോൾസനാരോ നിലവിൽ അമേരിക്കയിലെ ഫ്ലോറിഡയിലാണുള്ളത് എന്നാണ് വിവരം. ബ്രസിൽ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ബോൾസനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി ആശങ്ക സൃഷ്ടിക്കുന്നത്.
ബ്രസീലിലെ തെക്ക് കിഴക്കൻ നഗരമായ അരരാക്വറയിൽ കടുത്ത വെള്ളപ്പൊക്കമുണ്ടായ പ്രദേശം സന്ദർശിക്കാനെത്തിയ ലുല ഡിസിൽവ കലാപം അടിച്ചൊതുക്കാൻ സുരക്ഷാസേനകൾക്ക് അധികാരം നൽകാനുള്ള ഉത്തരവിൽ ഒപ്പുവച്ചതായാണ് വിവരം.
“ഈ രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണ് ഈ ഫാസിസ്റ്റ് മതഭ്രാന്തന്മാർ ചെയ്തത്” – ഇടതുപക്ഷ നേതാവായ ലുല പ്രതികരിച്ചു. “ഈ അക്രമികൾ ആരാണെന്ന് ഞങ്ങൾ കണ്ടെത്തും, അവരെ നിയമത്തിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് താഴെയിറക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്‌ടോബർ 30ന് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ബൊൽസൊനാരോയെ കഷ്ടിച്ച് പരാജയപ്പെടുത്തിയതു മുതൽ ലുലയെ അധികാരത്തിലേറ്റുന്നത് തടയാൻ സൈനിക ഇടപെടൽ ആവശ്യപ്പെട്ട് ഹാർഡ്‌ലൈൻ ബോൾസോനാരോ അനുകൂലികൾ ബ്രസീലിലെ സൈനിക താവളങ്ങൾക്ക് പുറത്ത് പ്രതിഷേധിച്ചു വരികയാണ്. ഒടുവിൽ ലുല അധികാരമേറ്റ് എട്ടാം ദിവസമാണ് ബ്രസീലിനെ ഞെട്ടിച്ച അതിക്രമം. രാജ്യത്തിൻ്റെ അധികാരം പിടിച്ചെടുക്കാൻ ബ്രസീൽ സൈന്യത്തോട് അഭ്യർത്ഥിച്ചു കൊണ്ടുള്ള ഇൻ്റർവെൻഷൻ എന്നൊരു പതാകയും പ്രതിഷേധക്കാർ ബ്രസിൽ പാർലമെൻ്റ് മന്ദിരത്തിന് മുകളിൽ ഉയർത്തിയിട്ടുണ്ട്.
കലാപകാരികൾ വാതിലുകളും ജനലുകളും തകർത്ത് കോൺഗ്രസ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതും പിന്നീട് കൂട്ടത്തോടെ അകത്തേക്ക് ഇരച്ചു കയറി സഭാംഗങ്ങളുടെ ഓഫീസുകൾ ആക്രമിക്കുന്നതും അടക്കുള്ള ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അതിക്രമത്തിന് പിന്നാലെ അതീവസുരക്ഷാമേഖല വളഞ്ഞ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ച് അക്രമികളെ തുരത്താനുള്ള ശ്രമത്തിലാണ്. എന്നാൽ ഇതു ഫലപ്രദമായിട്ടില്ല. ഒരു എഎഫ്‌പി ഫോട്ടോഗ്രാഫർ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് മാധ്യമപ്രവർത്തകരെങ്കിലും ഇതിനോടകം ആക്രമിക്കപ്പെട്ടതായി ബ്രസീൽ പത്രപ്രവർത്തക യൂണിയൻ അറിയിച്ചു.
കലാപകാരികൾ കൈയ്യടക്കിയ തന്ത്രപ്രധാന മേഖലകളുടെയെല്ലാം നിയന്ത്രണം സുരക്ഷാസേന തിരിച്ചു പിടിച്ചിട്ടുണ്ട്.പാർലമെന്‍റ് മന്ദിരം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന മേഖലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.200ലധികം വരുന്ന അക്രമികളെ പൊലീസ് പിടികൂടിയുണ്ട്.ഇവിടേയ്ക്ക് ഇവരെ എത്തിച്ച 40 ബസുകളും പൊലീസ് പിടിച്ചെടുത്തു.
ലോക രാജ്യങ്ങളും ഈ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യത്തിന് നേരെ നടന്ന ആക്രമണമെന്നാണ്അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രതികരണം,ബ്രസീലിൽ കഴിയുന്ന അമേരിക്കൻ പൗരന്മാരോട് സുരക്ഷിതരായിരിക്കാനും രാജ്യം വിടാനും അമേരിക്കൻ എംബസി നിർദേശം നൽകി.ബ്രിട്ടണും ആക്രമണത്തെ അപലപിച്ചു.ഒപ്പം എല്ലാ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ലുല ഡ സിൽവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
ബ്രസീലിലെ ജനാധിപത്യത്തിനും സമാധാനപരമായ അധികാര കൈമാറ്റത്തിനും നേരെയുള്ള ആക്രമണത്തെ ഞാൻ അപലപിക്കുന്നു. ബ്രസീലിലെ ജനാധിപത്യ സ്ഥാപനങ്ങൾക്ക് ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്, ബ്രസീലിയൻ ജനതയുടെ അവകാശങ്ങൾക്കും തീരുമാനങ്ങൾക്കും നേരെ തുരങ്കം വയ്ക്കരുത്. ബ്രസീൽ പ്രസിഡൻ്റ് ലുലയുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കും – അക്രമങ്ങളെ അപലപിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.