ന്യൂഡൽഹി> ഹൈദരാബാദ് കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എബിവിപി അഴിച്ചുവിട്ട അക്രമ പരമ്പരയെ ശക്തമായ ഭാഷയിൽ അപലപിച്ച് എസ്‌എഫ്‌ഐ. ഇരുമ്പ് ദണ്ഡുകളും മറ്റ് മാരാകായുധങ്ങളുമായി എബിവിപി നടത്തിയ ആക്രമണത്തിൽ നിരവധി എസ്‌എഫ്‌ഐ പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റിരുന്നു. യൂണിയൻ തിരഞ്ഞെടുപ്പിന്റെ രാത്രിയിൽ തുടങ്ങിയ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്.
തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയക്കുന്ന എബിവിപിക്കാർ ദിവസങ്ങളായി വിദ്യാർഥികൾക്കിടയിൽ ഭയം വിതയ്‌ക്കാനുള്ള ശ്രമത്തിലാണ്. എസ്‌എഫ്‌ഐയുടെ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ നശിപ്പിച്ച അക്രമികൾ പ്രവർത്തകരെ മാരകായുധങ്ങൾ കൊണ്ട് ഗുരുതരമായി പരിക്കേൽപ്പിച്ചു. നിരവധി പ്രവർത്തകർ ആശുപത്രിയിലാണ്.
കഴിഞ്ഞ വർഷം വിദ്യാർഥി യൂണിയൻ ജനറൽ ബോഡി യോഗത്തിൽ നടത്തിയ അക്രമത്തിന് സമാനമാണിത്. ക്യാമ്പസിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുന്ന എബിവിപിയുടെ തനിനിറമാണ് ഇതിലൂടെ പുറത്തുചാടിയത്– എസ്‌എഫ്‌ഐ വിമർശിച്ചു. അക്രമത്തെ ശക്തമായി അപലപിക്കുന്നതിനൊപ്പം എബിവിപിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും പ്രസ്‌താവനയിൽ ആഹ്വാനം ചെയ്‌തു.