കൊച്ചി: നഗരത്തിൽ മോഷണ പരമ്പര നടത്തിയ അന്തർ സംസ്ഥാനക്കാരെ സാഹസികമായി പിടികൂടി കൊച്ചി സിറ്റി പോലീസ്. കഴിഞ്ഞ ദിവസം രാത്രി ടൗൺ സൗത്ത്, നോർത്ത്, എളമക്കര സ്റ്റേഷനുകളുടെ പരിധിയിലുള്ള വിവിധ സൂപ്പർ മാർക്കറ്റുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ സംസുജുവ (28), മുക്താറുൽ ഹക്ക് (28) എന്നിവരാണ് അറസ്റ്റിലായത്. പൂട്ട് കുത്തിത്തുറക്കുന്നതിന് ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെടുത്തു. മോഷണത്തിനു ശേഷം പോലീസിന്റെ ശ്രദ്ധ തെറ്റിച്ച് വിവിധ ലോഡ്ജുകളിൽ മാറിമാറി താമസിക്കുന്നതായിരുന്നു ഇവരുടെ പതിവ്.
കഴിഞ്ഞ രാത്രി എറണാകുളം പനമ്പിള്ളി നഗറിലെ നീലഗിരി സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് 6,87,835 രൂപയുടെ മോഷണം, അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപമുള്ള ഗോർമെറ്റ് സൂപ്പർമാർക്കറ്റ് കുത്തിതുറന്ന് മൊബൈൽ ഫോണടക്കം 33,500 രൂപയുടെ മോഷണം എന്നിവ നടത്തിയത് ഇവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എളമക്കര ഗ്രാൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചതും ഇതേ പ്രതികൾ തന്നെയാണെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.




















