ന്യൂഡൽഹി: അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും വേണ്ടി വന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട് വാധ്‌ര. നാഷനൽ ഹെറൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത സാഹചര്യത്തിലാണ് റോബർട് വാധ്‌രയുടെ പ്രതികരണം.
ഏതെങ്കിലും ഒരു ബിജെപി നേതാവിനെ ഇഡി ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ‘‘ബിജെപിയുടെ ഭരണത്തിൽ ജനം അസന്തുഷ്ടരാകുമ്പോൾ ഗാന്ധി കുടുംബത്തെ പ്രശ്നത്തിലേക്ക് വലിച്ചിടാനാണ് അവർ ശ്രമിക്കുന്നത്. രാജ്യത്ത് മാറ്റം ആവശ്യമാണ്. രാജ്യത്തിന് ആവശ്യമായ മാറ്റം കൊണ്ടുവരാൻ എനിക്ക് സാധിക്കുമെന്ന് ജനത്തിന് തോന്നിയാൽ തീർച്ചയായും രാഷ്ട്രീയത്തിൽ ഇറങ്ങിയിരിക്കും.
ജനങ്ങൾ ജിഎസ്ടിയിൽ അസന്തുഷ്ടരായതാണ് ഇഡി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാൻ കാരണം. ആദായ നികുതി വകുപ്പിൽ നിന്ന് നോട്ടിസ് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ഇഡിയിൽ നിന്നാണ് വ്യവസായികൾക്ക് നോട്ടിസ് ലഭിക്കുന്നത്. ഇഡിയോട് എങ്ങനെ ഇടപെടണമെന്ന് സോണിയയ്ക്ക് ഉപദേശം നൽകിയിട്ടുണ്ട്. 15 തവണ ഇഡിക്കു മുൻപിൽ ഹാജരായ ഞാൻ 23,000 രേഖകളാണ് സമർപ്പിച്ചത്’’–റോബർട്ട് വാധ്‌ര പറഞ്ഞു.
എന്തുകൊണ്ടാണ് സോണിയ ഗാന്ധിയുടെ കൂടെ പോകാത്തതെന്ന് ചോദിച്ചപ്പോൾ എല്ലാവരേയും പിടിച്ച് അകത്തിട്ടാൽ അനീതിക്ക് വേണ്ടി പുറത്തുനിന്നു ശബ്ദിക്കാൻ ആളുണ്ടാവില്ല എന്നായിരുന്നു മറുപടി. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് രാജ്യ തലസ്ഥാനത്തുൾപ്പെടെ പലയിടത്തും വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. സോണിയയെ ചോദ്യം ചെയ്ത ഇഡി ആവശ്യമെങ്കിൽ ഇനിയും വിളിപ്പിക്കുമെന്ന് അറിയിച്ചു.