ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന നൽകി റോബർട്ട് വാദ്ര. പാർലമെന്റിൽ നന്നായി പ്രകടനം കാഴ്ച വെക്കാൻ പ്രിയങ്ക കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വാദ്ര വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ലോക്സഭ എം.പിയാകാനുള്ള എല്ലാ യോഗ്യതയും പ്രിയങ്കക്കുണ്ട്. കോൺഗ്രസ് പാർട്ടി പ്രിയങ്കയെ അംഗീകരിക്കുകയും അതിനുള്ള നടപടികൾ ആവിഷ്‍കരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.-വാദ്ര തുടർന്നു. പാർലമെന്റിലെ അവിശ്വാസ ചർച്ചക്കിടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്റെ പേര് പരാമർശിച്ചതിനെയും വാദ്ര വിമർശിച്ചു.രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ആളാണ് ഞാൻ. ആരോപണങ്ങൾ തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാൽ മാപ്പുപറയണം.
നമ്മുടെ സ്വന്തം പ്രധാനമന്ത്രി അദാനിയുടെ വിമാനത്തിൽ ഇരിക്കുന്ന ഒരു ചിത്രം ഞങ്ങളുടെ കൈയിലുണ്ട്. അതിനെ കുറിച്ചും രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളെ കുറിച്ചും ബി.ജെ.പി എന്തുകൊണ്ടാണ് മറുപടി നൽകാത്തത്.-വാദ്ര ചോദിച്ചു.രണ്ട് പതിറ്റാണ്ടോളം റായ്ബറേലിയിലും അമേഠിയിലും സജീവ രാഷ്ട്രീയ പ്രവർത്തനം തുടരുന്ന പ്രിയങ്ക അവിടെ പാർട്ടി സംഘടന കെട്ടിപ്പടുത്തു. പരമ്പരാഗതമായി കോൺഗ്രസ് കൈവശം വച്ചിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധി ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് തോറ്റു. 2004 മുതൽ സോണിയാ ഗാന്ധി റായ്ബറേലിയിൽ പരാജയമറിയാതെ തുടരുകയാണ്.