അഡ്വഞ്ചർ ബൈക്ക് ശ്രേണിയിൽ ഓഫ് റോഡുകൾ കീഴടക്കാനാണ് റോയൽ എൻഫീൽഡ് ഹിമാലയൻ എത്തിയതെങ്കിൽ അതേ രൂപസാദൃശ്യവുമായി റോഡുകൾക്കായും ഒരു ബൈക്ക് എത്തിക്കുകയാണ് റോയൽ എൻഫീൽഡ്. ഹിമാലയന്റെ ഡിസൈൻ ശൈലി പിന്തുടർന്ന് നേരിയ മാറ്റങ്ങളുമായെത്തുന്ന ഈ ബൈക്കിന് സ്ക്രാം 411 എന്ന് പേര് നൽകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, ഈ ബൈക്കുകളുടെ നിർമാണം പൂർത്തിയായെന്ന സൂചന നൽകുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. റോയൽ എൻഫീൽഡ് സ്ക്രാം 411 എന്ന പുതിയ ബൈക്കിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഓട്ടോമൊബൈൽ പോർട്ടലായ ടീം ബി.എച്ച്.പി. സ്ക്രാം 411 ഡീലർഷിപ്പുകളിൽ എത്തി തുടങ്ങിയെന്ന സൂചനയാണ് ഈ ചിത്രത്തിലൂടെ വെളിവാകുന്നത്. റോയൽ എൻഫീൽഡിൽ നിന്നുള്ള അടുത്ത അവതരണം ഈ ബൈക്കിന്റെ ആയിരിക്കുമെന്നാണ് വിലയിരുത്തലുകൾ. സ്ക്രാം 411-ന്റെ ബ്രോഷറും മറ്റ് സൂചനകളും മുമ്പുതന്നെ സമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഹിമാലയൻ അഡ്വഞ്ചർ ബൈക്കിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും നേരിയ ഡിസൈൻ മാറ്റങ്ങളോടെയാണ് സ്ക്രാം 411 എത്തുന്നത്. ഹിമാലയനിൽ നൽകിയിട്ടുള്ള വിൻഡ് സ്ക്രീൻ, ലഗേജ് റാക്ക്, 21 ഇഞ്ച് വീൽ, എന്നിവ സ്ക്രാമിൽ നൽകിയിട്ടില്ലെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. 19 ഇഞ്ച് വീലാണ് ഇതിലുള്ളതെന്നാണ് വിവരം. ഹിമാലയൻ മോഡലിന് സ്പോർട്ടി ഭാവം നൽകിയിരുന്ന ഉയർന്ന ഫെൻഡർ പുതിയ മോഡലിൽ നൽകാത്തതും ഈ ബൈക്കിലെ മാറ്റമാണ്. പുതിയ ഹെഡ്ലാമ്പ് ക്ലെസ്റ്റർ, രൂപമാറ്റം വരുത്തിയിട്ടുള്ള ഇൻസ്ട്രുമെന്റ് പാനൽ, വലിപ്പം കുറഞ്ഞ ഹാൻഡിൽ ബാർ, പുതുമയുള്ള ബാഡ്ജിങ്ങും പെയിന്റ് സ്കീമും, സിംഗിൾ സീറ്റ്, ഗ്രാബ് റെയിൽ, ടെയ്ൽലാമ്പ്, സാധാരണ ബൈക്കുകൾക്ക് സമാനമായ ഫെൻഡർ തുടങ്ങിയവ ഈ ബൈക്കിന് പുതുമ നൽകുന്നവയാണ്. എക്സ്ഹോസ്റ്റ് പൈപ്പിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. വശങ്ങളിലെ കൗളിലായിരിക്കും ബാഡ്ജിങ്ങ് നൽകിയിട്ടുള്ളത്.
മെക്കാനിക്കൽ ഫീച്ചറുകൾ ഹിമാലയനിൽ നിന്ന് കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 411 സി.സി. എയർ-ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഹിമാലയനിൽ പ്രവർത്തിക്കുന്നത്. ഇത് 24.3 ബി.എച്ച്.പി. പവറും 32 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഹിമാലയനിൽ 220 എം.എമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ് നൽകിയിട്ടുള്ളതെങ്കിൽ സ്ക്രാം 411-ൽ ഇത് 200 എം.എം. ആയി കുറച്ചിട്ടുണ്ട്.