കൊച്ചി : എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണയാളെ കയ്യിലെടുത്തോടി ജീവൻ തിരിച്ചുപിടിച്ച് ആർപിഎഫ് കോൺസ്റ്റബിൾ. കോഴിക്കോട് ചാലിയം സ്വദേശി 46 കാരനായ പി പി മുഹമ്മദ് അലിയാണ് കുഴഞ്ഞ് വീണത്. വൈദ്യസഹായത്തിനായി കോൺസ്റ്റബിൾ സുനിൽ കെ ബാബു, ബോധം നഷ്ടമായ അലിയെ എടുത്തോടുകയായിരുന്നു. ഏറനാട് എക്സ്പ്രസ് നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്കെത്തിയതിന് പിന്നാലെയാണ് ഒരാൾ നിലത്ത് വീണ് കിടക്കുന്നുവെന്ന വിവരം സുനിലിന് ലഭിച്ചത്. കുഴഞ്ഞ് വീണ അലിയുടെ അടുത്തെത്തിയപ്പോൾ വളരെ നേർത്ത ശബ്ദത്തിൽ നെഞ്ച് വേദനിക്കുന്നുവെന്ന് പറഞ്ഞു. ഉടൻ ബോധം പോയി. ആദ്യം സിപിആർ നൽകി. പിന്നെ ഒരു നിമിഷം ചിന്തിക്കാതെ സുനിൽ അലിയെ കയ്യിലെടുത്ത് ഓടുകയായിരുന്നു.
400 മീറ്ററോളം ഓടി സ്റ്റേഷൻ്റെ പ്രധാന കവാടത്തിലെത്തിയപ്പോഴേക്കും ആംബുലൻസെത്തി. ഉടൻ അലിയെ ജനറൽ ആശുപത്രിയിലെത്തിച്ചു. ലി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നേരത്തേ ഹൃദയാഘാതം വന്നയാളാണ് മുഹമ്മദ് അലി. ഇയാൾക്ക് അപസ്മാര രേഗവുമുണ്ട്.