ന്യൂഡൽഹി ∙ നിലവില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഇനി ഭാരത് സീരീസിലേക്ക് (ബിഎച്ച്) മാറ്റാം. ഇതിനായി ഗതാഗത മന്ത്രാലയം ചട്ടം പരിഷ്കരിച്ച് വിജ്ഞാപനം ഇറക്കി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബിഎച്ച് സീരീസ് റജിസ്ട്രേഷന്‍ ലഭിക്കാന്‍ നടപടികള്‍ ലഘൂകരിച്ചു.സ്വകാര്യ വാഹനങ്ങളുടെ സംസ്ഥാനാന്തര റജിസ്ട്രേഷന്‍ ഒഴിവാക്കാനാണ് ഏകീകൃത സംവിധാനമായ ബിഎച്ച് സീരീസ് 2021 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ജോലിക്കാര്‍, പ്രതിരോധ മേഖലയിലുള്ളവര്‍, വിവിധ സംസ്ഥാനങ്ങളില്‍ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഈ സംവിധാനം ഉപകാരപ്രദമാണ്.
പുതിയ വാഹനങ്ങള്‍ക്ക് മാത്രം ബിഎച്ച് റജിസ്ട്രേഷന്‍ നല്‍കുക എന്ന വ്യവസ്ഥ ഇപ്പോള്‍ മാറ്റി. സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനം നിശ്ചിത തുക അടച്ചാല്‍ ബിഎച്ച് സീരീസിലേയ്ക്ക് മാറ്റാം. ബിഎച്ച് സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്യാം. തൊഴിലിടത്തിന്‍റെയോ താമസ സ്ഥലത്തിന്‍റെയോ വിലാസത്തില്‍ ബിഎച്ച് സീരീസിനായി അപേക്ഷിക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്കിങ് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കാം.