കാറുകളും വാഹന ഭാഗങ്ങളും ഉൾപ്പെടെ 200 ഇനങ്ങളുടെ കയറ്റുമതി നിരോധിക്കാൻ റഷ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉക്രെയ്ൻ ആക്രമിച്ചതിന് റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന് മറുപടിയായിട്ടാണ് ഈ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പേരിൽ രാജ്യത്തിനെതിരെ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യയുടെ ഈ നീക്കം. 200 ല്‍ അധികം ഉൽപ്പന്നങ്ങൾക്ക് ഒപ്പമാണ് കാറുകളുടെയും ഓട്ടോ പാർട്‍സുകളുടെയും കയറ്റുമതിയും നിരോധിക്കാൻ റഷ്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ തീരുമാനം വരും ദിവസങ്ങളിൽ വാഹന നിർമ്മാതാക്കൾ നേരിടുന്ന അർദ്ധചാലക പ്രതിസന്ധി കൂടുതൽ വഷളാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘർഷം റഷ്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്.
കാർ, ഓട്ടോ പാർട്‌സ് കയറ്റുമതിക്ക് റഷ്യ ഏർപ്പെടുത്തിയ വിലക്ക് ഈ വർഷം അവസാനം വരെ തുടരും. റഷ്യയുടെ കയറ്റുമതി പട്ടികയിൽ നിന്ന് നീക്കം ചെയ്‍ത ഇനങ്ങളിൽ വാഹനങ്ങൾ, ടെലികോം, മെഡിക്കൽ, കാർഷിക, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, തടി എന്നിവ ഉൾപ്പെടുന്നു. “റഷ്യയ്‌ക്കെതിരെ ശത്രുതാപരമായ നടപടികൾ കൈക്കൊള്ളുന്ന സ്ഥലങ്ങളിലേക്ക് നിരവധി തരം ഉൽപന്നങ്ങളുടെയും കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു..” എന്ന് മോസ്കോ വ്യാഴാഴ്‍ച പറഞ്ഞു. റഷ്യയ്‌ക്കെതിരെ ചുമത്തിയ ഉപരോധങ്ങള്‍ക്കുള്ള യുക്തിസഹമായ പ്രതികരണമാണ് ഈ നടപടികൾ.. ഇവ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളുടെ തടസമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.. ” റഷ്യൻ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയിൽ നിന്ന് പിൻവാങ്ങിയ പാശ്ചാത്യ കമ്പനികളുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും ദേശസാത്കരിക്കുമെന്ന റഷ്യയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം . കഴിഞ്ഞ മാസം സംഘർഷം രൂക്ഷമായതിനെ തുടർന്ന് നിരവധി കാർ നിർമ്മാതാക്കൾ റഷ്യയിൽ പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഹോണ്ട , ടൊയോട്ട , ഫോക്‌സ്‌വാഗൺ , ജനറൽ മോട്ടോഴ്‌സ്, ജാഗ്വാർ ലാൻഡ് റോവർ , മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ കാർ നിർമ്മാതാക്കൾ പ്രവർത്തനം നിർത്തിവച്ചിരുന്നു. ഫോർഡും ബിഎംഡബ്ല്യുവും അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുക മാത്രമല്ല, അവരുടെ വാഹനങ്ങൾ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു.
ജീപ്പ്, ഫിയറ്റ്, പ്യൂഷോ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പായ സ്റ്റെല്ലാന്റിസും വ്യാഴാഴ്ച പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. റഷ്യയിലേക്കുള്ള കാറുകളുടെ ഇറക്കുമതിയും കയറ്റുമതിയും താൽക്കാലികമായി നിർത്തിവച്ചതായി കമ്പനി അറിയിച്ചു. റഷ്യയിലെ കലുഗയിൽ സ്റ്റെല്ലാന്റിസിന് മിത്സുബിഷിയുമായി സംയുക്തമായി പ്രവര്‍ത്തിക്കുന്ന ഒരു നിർമ്മാണ പ്ലാന്‍റ് ഉണ്ട്. അതേസമയം റഷ്യയിലെ പ്രമുഖ വിദേശ കാർ നിർമ്മാതാക്കളിൽ ഒന്നായ ഹ്യുണ്ടായ്, വിതരണ ശൃംഖലയിലെ തടസം കാരണം പ്രവര്‍ത്തനം താൽക്കാലികമായി നിർത്തിവച്ചതിന് ശേഷം ഉൽപ്പാദനം പുനരാരംഭിക്കാൻ നോക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, റഷ്യയുടെ കാറുകളുടെയും ഓട്ടോ പാർട്‌സുകളുടെയും കയറ്റുമതി നിരോധനം തുടരുകയാണെങ്കിൽ, പ്രവർത്തനം പുനരാരംഭിക്കുന്നത് ഹ്യുണ്ടായിക്ക് ബുദ്ധിമുട്ടായിരിക്കും.
മറ്റു വാഹന നിര്‍മ്മാണ കമ്പനികളെ പരിശോധിച്ചാല്‍, ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ചൂട് അഭിമുഖീകരിക്കുന്നു. റഷ്യന്‍ വാഹന ഭീമനായ അവ്തൊവാസ് നിലവില്‍ ഫ്രഞ്ച് വാഹന നിർമ്മാതാക്കാളായ റെനോയുടെ കീഴിലാണ്. ലഡ കാറുകൾ നിർമ്മിക്കുന്ന കമ്പനി റഷ്യയിലെ ഏറ്റവും ജനപ്രിയ കാർ ബ്രാൻഡ് കൂടിയാണ്. കമ്പനിയുടെ ഉൽപ്പാദനം നിലനിർത്തുന്നതിന് മൈക്രോചിപ്പുകളുടെ ആഭ്യന്തര വിതരണത്തിനായി നോക്കുമെന്ന് കമ്പനി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.