കീവ്: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‍റ്റിൻ എന്നിവർ കൂടിക്കാഴ്ച നടത്തി. യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഉന്നത അമേരിക്കൻ പ്രതിനിധി സംഘം യുക്രെയ്‍ൻ സന്ദർശിക്കുന്നത്. ചർച്ചയിൽ കൃത്യമായ ഉറപ്പുകളും ചെറുത്തുനിൽപ്പിന് ആയുധങ്ങളും ആണ് പ്രതീക്ഷിക്കുന്നതെന്നും സെലെൻസ്കി വ്യക്തമാക്കിയിരുന്നു. യുക്രെയ്‍ൻ നഗരങ്ങളിൽ കടുത്ത പ്രതിരോധം നേരിട്ടതോടെ റഷ്യൻ സൈന്യത്തിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നും വിജയം യുക്രെയ്‍നിന് ഒപ്പമായിരിക്കുമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. യുക്രെയ്‍നിന് കൂടുതൽ ആയുധങ്ങളും സാമ്പത്തിക സഹായവും നൽകുമെന്ന് ഉന്നത അമേരിക്കൻ പ്രതിനിധി സംഘം ഉറപ്പ് നൽകി..332 മില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്‌തു.
ധീരമായി റഷ്യൻ അധിനിവേശത്തെ ചെറുത്ത യുക്രെയ്‍ൻ ജനതയോട് ഐക്യപ്പെടുവാനും പിന്തുണ പ്രഖ്യാപിക്കുവാനുമുള്ള അവസരമായി ഈ സന്ദർശനത്തെ കാണുന്നുവെന്നു ആന്റണി ബ്ലിങ്കൻ മാധ്യമങ്ങളോട് പറഞ്ഞു. യുക്രെയ്‍നിന്റെ പരമാധികാരം കവർന്നെടുക്കുകയായിരുന്നു റഷ്യൻ അധിനിവേശത്തിന്റെ പ്രധാന ലക്ഷ്യം എന്നാൽ ആ ലക്ഷ്യം അതിദയനീയമായി പരാജയപ്പെട്ടു.
യുഎസും യുറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം ഫലം കണ്ടെന്നും ലക്ഷ്യബോധം നഷ്ടപ്പെട്ട റഷ്യ നിരപരാധികളെ നിർദാക്ഷിണ്യം കൊന്നൊടുക്കുകയാണെന്നും ബ്ലിങ്കൻ പറഞ്ഞു. ഭാവിയിൽ മനുഷ്യത്വ രഹിതമായ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ തക്കവണ്ണം റഷ്യൻ സേനയെ ദുർബലപ്പെടുത്തുമെന്നു ലോയ്‌ഡ് ഓസ്‍റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. ലോകരാജ്യങ്ങളുടെ പിന്തുണയും ആയുധങ്ങളും ലഭ്യമായാൽ തീർച്ചയായും ഈ യുദ്ധത്തിൽ വിജയം യുക്രെയ്‌ന് ഒപ്പമായിരിക്കുമെന്നും ഓസ്റ്റിൻ അഭിപ്രായപ്പെട്ടു. യുക്രെയ്‍നും യുഎസും തമ്മിലുള്ള സൗഹൃദവും പങ്കാളിത്തവും എന്നത്തേക്കാളും ശക്തമാണെന്നു സെലെൻസ്കി ട്വീറ്റ് ചെയ്‌തു.