മോസ്കോ : യുക്രൈൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) തകരാൻ ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിപ്പ്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ തലവൻ ദിമിത്രി റോഗോസിനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നേരത്തെ ഫെബ്രുവരിയിൽ അമേരിക്ക റഷ്യക്കെതിരേ ഉപരോധം പ്രഖ്യാപിച്ചപ്പോഴും സമാന മുന്നറിയിപ്പ് റോഗോസിൻ നൽകിയിരുന്നു. ഉപരോധം ബഹിരാകാശ നിലയത്തിന് സേവനം നൽകുന്ന റഷ്യൻ ബഹിരാകാശ വാഹനങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്ന് റോഗോസിൻ പറഞ്ഞു. ഇത് നിലയത്തെ നിശ്ചിത ഭ്രമണപഥത്തിൽ നിലനിർത്താൻ സഹായിക്കുന്ന സ്റ്റേഷന്റെ റഷ്യൻ ഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. 500 ടൺ ഭാരമുള്ള നിലയം കടലിലോ കരയിലോ വീഴാൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഉപരോധം പിൻവലിക്കണമെന്നും റോഗോസിൻ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള റഷ്യൻ സഹകരണം വിലക്കിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം ഓർമിപ്പിച്ച് റഷ്യൻ ബഹിരാകാശ ഏജൻസി തലവൻ നേരത്തെയും രംഗത്തെത്തിയിരുന്നു. ബഹിരാകാശ പദ്ധതികളിലുൾപ്പെടെ സഹകരണം അവസാനിപ്പിച്ചാൽ ഐഎസ്എസിനെ ആരു രക്ഷിക്കുമെന്നാണ് റോഗോസിൻ ചോദിച്ചത്. 500 ടൺ ഭാരമുള്ള ഇത് ഇന്ത്യയിലേക്കോ ചൈനയിലേക്കോ വീഴാനുനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ അമേരിക്കയിലും ഐഎസ്എസ് പതിക്കാമെന്നും റോഗോസിൻ പറഞ്ഞിരുന്നു.