കീവ്: റഷ്യന്‍ സേനയ്ക്കൊപ്പം യുക്രെയ്നില്‍ ചെചൻ സേനയും. യുക്രെയ്ന്‍ സൈനിക കേന്ദ്രം ചെചൻ സേന പിടിച്ചെടുത്തെന്ന് ചെച്നിയൻ പ്രസിഡന്റ് അറിയിച്ചു. യുക്രെയ്നില്‍ മൂന്നാം ദിവസവും ആക്രമണം തുടരുന്ന റഷ്യ, തലസ്ഥാനമായ കീവ് പിടിക്കാനുള്ള ശ്രമം ശക്തമാക്കി. കീവ് പൊരുതി നില്‍ക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
റഷ്യൻ ആക്രമണത്തിൽ 198 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ ആരോഗ്യമന്ത്രി വിക്ടർ ല്യാഷ്കോ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടും. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരുക്കേറ്റതായും അദ്ദേഹം അറിയിച്ചു. യുക്രെയ്ൻ തലസ്ഥാന നഗരമായ കീവിലെ തെരുവുകളിൽ റഷ്യൻ സേന പോരാട്ടം തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്. വെള്ളിയാഴ്ച അർധരാത്രിയിൽ ഉണ്ടായ ഷെല്ലാക്രമണത്തിലും മറ്റും രണ്ടു കുട്ടികൾ ഉൾപ്പെടെ 35 പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമം റിപ്പോർട്ടു ചെയ്തു. റഷ്യൻ അധിനിവേശം ആരംഭിച്ച് വ്യാഴാഴ്ച മുതൽ 1,20,000 യുക്രെയ്ൻ സ്വദേശികൾ പലായനം ചെയ്തെന്ന് യുഎൻ അറിയിച്ചു. കൂടുതൽ പേർ അഭയം പ്രാപിച്ചത് പോളണ്ടിലും മോൾഡോവയിലുമാണ്. യുക്രെയിന് എതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് റഷ്യയ്ക്കെതിരെയുള്ള ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽനിന്ന് പോളണ്ട് പിന്മാറി.