യുക്രൈന്‍ : റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. കീവിലെ ഒബലോണില്‍ റഷ്യന്‍ സേനയുടെ സാന്നിദ്ധ്യം യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കീവിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യന്‍ സൈനിക ടാങ്കറുകള്‍ എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. റഷ്യന്‍ സേനയ്ക്ക് നേരെ ഉക്രൈന്‍ പട്ടാളക്കാര്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും യുക്രൈന്‍ സേന വെടിവെച്ചിട്ടു.
കരിങ്കടലിലെ സിംനയ് ദ്വീപ് പിടിച്ചെടുത്തതിന് പിന്നാലെ 82 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയതായി റഷ്യ അറിയിച്ചു. നേരത്തേ, റഷ്യയിലെ റോസ്‌റ്റോവില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് യുക്രൈന്‍ ഭരണകൂടം രംഗത്തെത്തിയിരുന്നു. റോസ്‌റ്റോവി മിലെറോവോ എയര്‍ ബേസിലാണ് അക്രമണം നടത്തിയത്. റഷ്യന്‍ പ്രവേശനം തടയാനായി കീവിലെ പാലം ഉക്രൈന്‍ സൈന്യം കത്തിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
യുക്രൈനില്‍ അതിക്രമിച്ച് കയറിയ 800 റഷ്യന്‍ സൈനികരെ വധിച്ചെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം. 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തതായും അവര്‍ വെളിപ്പെടുത്തി. ഏഴ് റഷ്യന്‍ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും വെടിവെച്ച് വീഴ്ത്തിയെന്ന യുക്രൈന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സി.എന്‍.എന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമായും കീവ് ലക്ഷ്യമാക്കിയുള്ള റഷ്യയുടെ വ്യോമാക്രമണം തടയാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. യുക്രൈന്‍ തകര്‍ത്ത റഷ്യന്‍ വിമാനം ബഹുനില കെട്ടിടത്തില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പുലര്‍ച്ചെ നാല് മണി മുതല്‍ യുക്രൈന്റെ സൈനിക കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ആക്രമണം നടന്നതായി യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജനവാസ മേഖലകള്‍ ആക്രമിക്കില്ലെന്ന വാക്ക് റഷ്യ തെറ്റിച്ചെന്നും വ്‌ളാഡിമര്‍ സെലന്‍സ്‌കി ആരോപിച്ചു. റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ നാളെ പുലര്‍ച്ചെ രണ്ട് വിമാനങ്ങള്‍ പുറപ്പെടും. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി യുക്രൈനിലെ ഇന്ത്യന്‍ അംബാസഡര്‍ നേരത്തേ അറിയിച്ചിരുന്നു.