ക്രെമെൻചുക്ക് : മധ്യ യുക്രയ്നിയൻ നഗരമായ ക്രെമെൻചുക്കിലെ തിരക്കേറിയ ഷോപ്പിംഗ് മാളിലേക്ക് റഷ്യൻ മിസൈൽ ആക്രമണം. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോൾട്ടാവ ഗവർണർ ഡിമിട്രോ ലുനിൻ അറിയിച്ചു. ആക്രമണസമയത്ത് മാളിനകത്ത് 1000-ത്തിലധികം ആളുകൾ ഉണ്ടായിരുന്നതായും ഇരകളുടെ എണ്ണം സങ്കൽപ്പിക്കാൻ പോലും കഴിയില്ലയെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി പറഞ്ഞു. റഷ്യയിൽ നിന്ന് മാന്യതയും മനുഷ്യത്വവും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും സെലൻസ്കി വ്യക്തമാക്കി. യുക്രെയ്ൻ ഷോപ്പിംഗ് മാളിൽ റഷ്യൻ നടത്തിയ ആക്രമണത്തെ “മ്ലേച്ഛമായ ആക്രമണം” എന്ന് ജി 7 രാജ്യങ്ങളും അപലപിച്ചു.
അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ അന്തിമ മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നത് വളരെ പെട്ടെന്നാണെന്നും ഡിമിട്രോ ലുനിൻ പറഞ്ഞു. റഷ്യൻ ആക്രമണത്തിന് കാരണമാകാവുന്ന ഒരു സൈനിക നടപടിയും യുക്രെയ്നിൽ സമീപത്തുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് സാധാരണക്കാർക്ക് നേരെയുള്ള തീവ്രവാദ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെത്തുടർന്ന് ഇതുകൂടാതെ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും 29 പേർക്ക് പ്രാഥമികശുശ്രൂഷ നൽകിയതായും ലുനിൻ ടെലഗ്രാമിലൂടെ അറിയിച്ചു.
പരിഭ്രാന്തി വിതയ്ക്കൽ, അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കൽ, പരിഷ്കൃതരായ പാശ്ചാത്യരെ വീണ്ടും ചർച്ചക്ക് ഇരുത്തൽ തുടങ്ങി ആക്രമണത്തിൽ റഷ്യക്ക് മൂന്ന് ലക്ഷ്യങ്ങളുണ്ടാകാമെന്ന് യുക്രെയ്ൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വാഡിം ഡെനിസെങ്കോ അറിയിച്ചു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കൂടുതൽ ആയുധങ്ങളും, മിസൈൽ പ്രതിരോധവും ആവശ്യമാണെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആൻഡ്രി യെർമാക് ട്വിറ്ററിൽ കുറിച്ചു. സുരക്ഷിത ആശയവിനിമയം, ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ, ഇന്ധനം എന്നീ മേഖലകളിൽ യുക്രെയ്നിനുള്ള പുതിയ സഹായ പാക്കേജ് വരാനിരിക്കുന്ന ഉച്ചകോടി അംഗീകരിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗും പ്രതികരിച്ചു.
അതേസമയം ആക്രമണം യുക്രെയ്നിന്റെ പ്രകോപനം കാരണമാണെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി പോളിയാൻസ്കി തെളിവുകൾ വ്യക്തമാക്കാതെ ട്വിറ്ററിൽ കുറിച്ചു. “നാറ്റോ ഉച്ചകോടിക്ക് മുമ്പ് യുക്രെയ്ന് ശ്രദ്ധ ലഭിക്കേണ്ടത് കീവ് ഭരണകൂടത്തിന്റെ ആവശ്യമാണ്” എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ യുക്രെനിലെ മാളിനു നേരെയുണ്ടായ ആക്രമണത്തിന് പിറകെ റഷ്യൻ നടപടിയെ വിമർശിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള വകതിരിവില്ലാത്ത ഇത്തരം ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നും ജി 7 രാജ്യങ്ങൾ കുറ്റപ്പെടുത്തി.