മോസ്‌കോ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഭക്ഷ്യവസ്‌തുക്കളുടെ വിതരണത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റഷ്യ തീരുമാനിച്ചു. യുദ്ധം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ജനം. ഇതോടെ സാധനങ്ങളുടെ സ്‌റ്റോക്ക് വേഗം തീർന്നുപോകുന്ന അവസ്ഥയാണ്. അതുകൊണ്ട് നിയന്ത്രണങ്ങൾ ആവശ്യമായി വരുന്നതായി വ്യാപാര-വ്യവസായ മന്ത്രാലയം പറയുന്നു.
ബ്രെഡ്, അരി, മുട്ട, ഇറച്ചി, പാലുൽപ്പന്നങ്ങൾ എന്നിവയുടെ വില നിർണയിക്കാനുള്ള അധികാരം സർക്കാരിനാണ്. പടിഞ്ഞാറൻ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത് റഷ്യയിൽ സാധനസാമഗ്രികളുടെ ഇറക്കുമതിയെ ബാധിച്ചെന്നാണ് റിപ്പോർട്ട്.
സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന റഷ്യയിൽ നിരവധി കരുതൽ നടപടികളാണ് റഷ്യൻ കേന്ദ്ര ബാങ്ക് കൈക്കൊള്ളുന്നത്. റഷ്യൻ കറൻസിയായ റൂബിളിന്റെ വില രാജ്യത്ത് താഴുമെന്ന ഭീതിയിലാണ് ജനം. അതേസമയം, താല്‍കാലിക വെടിനിര്‍ത്തലിനുശേഷം ആക്രമണം പുനരാരംഭിച്ചെന്നു പ്രഖ്യാപിച്ച റഷ്യ, യുക്രെയ്നിലെ മരിയുപോളിലും കീവിലും ഹര്‍കീവിലും ശക്തമായ ആക്രമണം തുടരുകയാണ്.