കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ആരോപണം. യുവതി മര്‍ദ്ദിക്കപ്പെട്ട വിവരം പ്രതി ആഗിലിന്റെ അച്ഛൻ തന്നെ രേഖാമൂലം അറിയിച്ചിട്ടും പൊലീസ് ഇടപെടൽ ഉണ്ടായില്ലെന്ന് അയൽവാസി പറഞ്ഞു.
റഷ്യന്‍ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത് ഈ മാസം 19 നാണ്. ആഗിലി പിതാവ് തന്നെ അയൽക്കാരോടൊപ്പം കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിലെത്തി അന്ന് രേഖാമൂലം പരാതി നൽകി. പിറ്റേന്ന് ആഗിനേയും യുവതിയേയും പൊലീസ് വിളിപ്പിച്ചു. കെട്ടിയിട്ട് ഇരുന്പ് കമ്പികൊണ്ട് മർദ്ദിക്കാറുണ്ടെന്ന് പൊലീസിനെ യുവതി അറിയിച്ചു. റഷ്യൻ ഭാഷമാത്രം അറിയുന്ന യുവതി പറഞ്ഞതൊക്കെയും ആഗിൻ തന്നെയാണ് പരിഭാഷപ്പെടുത്തി നൽകിയത്. പെൺകുട്ടിയെ ആഗിനൊപ്പം മടക്കി അയച്ചാൽ വീണ്ടും മർദ്ദിക്കാൻ സാധ്യതയുണ്ടെന്ന് ആഗിന്റെ പിതാവ് പറഞ്ഞിട്ടും പൊലീസ് ചെവികൊണ്ടില്ലെന്ന് സ്റ്റേഷിനിൽ കൂട്ടു പോയ അയൽവാസി ആരോപിക്കുന്നു.
ആക്രമണം തുടർന്നതോടെ മൂന്ന് ദിവസം കഴിഞ്ഞാണ് റഷ്യൻ യുവതി ഈ വീടിന്റെ മുകളിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചതും പരിക്കേറ്റതും. കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ ഇന്ന് രേഖപ്പെടുത്തും. പരാതിയിൽ സമയ ബന്ധിതമായി ഇടപെടുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മറ്റൊരു ദ്വിഭാഷിയെ ഉപയോഗിച്ച് യുവതിയുടെ വിശദമായ മൊഴി എടുത്തെന്നും പഴുതടച്ച അന്വേഷണമാണ് നടത്തുന്നതെന്നും പേരാമ്പ്ര ഡിവൈഎസ്പി പറഞ്ഞു. സംഭവത്തിൽ റഷ്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടിട്ടുണ്ട്.