ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതനായ ആളാണ് അനൂപ് മേനോൻ. പിന്നീട് പകൽ നക്ഷത്രങ്ങൾ എന്ന മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ എഴുതി ബിഗ് സ്ക്രീനിൽ എത്തിയ അനൂപ്, ഒട്ടനവധി സിനിമകൾ ഇതിനോടകം സംവിധാനം ചെയ്യുകയും തിരക്കഥ ഒരുക്കുകയും ചെയ്തു. രാജീവ് നാഥ് സംവിധാനം ചെയ്ത സിനിമ ആയിരുന്നു പകൽ നക്ഷത്രങ്ങൾ. സിനിമ തിയറ്ററിൽ പരാജയം നേരിട്ടെങ്കിലും പ്രമേയം ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. പകൽ നക്ഷത്രങ്ങൾ പോലൊരു സിനിമ എന്തു കൊണ്ട് പിന്നീട് ചെയ്തില്ല എന്ന ചോദ്യത്തിന് അനൂപ് നൽകിയ മറുപടി ആണിപ്പോൾ ശ്രദ്ധനേടുന്നത്.
“പ്രാക്ടിക്കലായി സിനിമയെ കാണുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പകല്‍ നക്ഷത്രങ്ങൾ പോലൊരു സിനിമയാണ് ഞാൻ ചെയ്യുന്നതെങ്കിൽ, കഴിഞ്ഞ 12 വർഷത്തിൽ മാക്സിമം പോയാൽ ഒരു മൂന്ന് സിനിമ മാത്രമെ എനിക്ക് ചെയ്യാൻ സാധിക്കൂ. കാരണം പകൽ നക്ഷത്രങ്ങളുടെ റിലീസ് ദിനം തിരുവനന്തപുരത്തെ തിയറ്ററിൽ പോകുമ്പോൾ ആകെ ആറ് പേരെ ഉണ്ടായിരുന്നുള്ളൂ. മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ തിയറ്ററിൽ നിന്നും അതെടുത്ത് മാറ്റി. അങ്ങനെ ഒരു സിനിമ ആണ് ചെയ്യുന്നതെങ്കിൽ നമ്മൾ എന്തിനാണോ സിനിമയിലേക്ക് വന്നത്, ഇല്ലെങ്കകിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് സ്വയം വിശ്വസിച്ച ഒരു തൊഴിൽ നമുക്ക് അന്യം നിന്നു പോകും. അനാഥ തീരത്തിൽ ആയിപ്പോകും. അതുകൊണ്ട് പകൽ നക്ഷത്രങ്ങൾ പോലൊരു സിനിമ ചെയ്യുക എന്നത് ചിന്തിക്കേണ്ട കാര്യമാണ്”, എന്നായിരുന്നു അനൂപിന്റെ പ്രതികരണം. സില്ലി മോങ് മോളിവുഡ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.
‘
അതേസമയം, സിൻഡ്രല്ല എന്ന ചിത്രമാണ് അനൂപിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധനേടിയ ദിൽഷ പ്രസന്നൻ ആണ് നടി. റെനോള്‍സ് റഹ്‍മാൻ സംവിധാനം ചെയ്ത ചിത്രം നവംബർ 3ന് തിയറ്ററിൽ എത്തും. അജു വര്‍ഗീസും ശ്രീകാന്ത് മുരളിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.