ന്യൂഡൽഹി: ബൈജു രവീന്ദ്രനെ ബൈജൂസ് സി.ഇ.ഒ സ്ഥാനത്തുനിന്ന് മാറ്റണമെന്ന പ്രേമയത്തിന് അനുകൂലമായി വോട്ടു ചെയ്ത് നിക്ഷേപകർ. കമ്പനിയിലെ പ്രധാന ഓഹരി ഉടമകളായ പ്രോസസ് എൻ.വി, പീക് എക്സ്.വി എന്നിവർ ഉൾപ്പെടെയാണ് അനുകൂലമായി വോട്ട് ചെയ്തത്.
മറ്റു ചില നിക്ഷേപകരും ബൈജുവിനെതിരായി വോട്ടു ചെയ്തു. ബൈജുവിനെയും കുടുംബത്തെയും ഡയറക്ടർ ബോർഡിൽ നിന്നു നീക്കണമെന്നും ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, ജനറൽ ബോഡി തീരുമാനം അംഗീകരിക്കില്ലെന്ന് ബൈജൂസ് പത്രക്കുറിപ്പിൽ അറിയിച്ചു. അസാധാരണ ജനറൽ ബോഡി യോഗം പാസാക്കിയ പ്രമേയം സാധുവല്ലെന്നും അംഗീകരിക്കില്ലെന്നും ഓഹരി ഉടമകളിൽ ചെറിയൊരു വിഭാഗം മാത്രമാണ് പങ്കെടുത്തതെന്നും പത്രക്കുറിപ്പിൽ പറയുന്നു.
അതേസമയം, സൂം മീറ്റിങ്ങിലേക്ക് അനധികൃതമായി നുഴഞ്ഞുകയറി ഏതാനും ജീവനക്കാർ മീറ്റിങ് തടസ്സപ്പെടുത്താൻ ശ്രമിച്ചു. നേരത്തെ ബൈജുവിനെ കമ്പനിയുടെ ഡയറക്ടർ ബോർഡിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാല് നിക്ഷേപകർ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കമ്പനിയെ നയിക്കാൻ ബൈജു രവീന്ദ്രന് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം കർണാടക ഹൈകോടതി ബൈജു രവീന്ദ്രന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.
കമ്പനിയിൽ ഓഡിറ്റ് നടത്തണമെന്നും ഇവർ കമ്പനി നിയമ ട്രൈബ്യൂണലിന് മുമ്പാകെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനൊപ്പം പുതിയ ഡയറക്ടർ ബോർഡിനെയും നിയമിക്കണം. ജനറൽ ബോഡി യോഗം നിയമവിരുദ്ധമാണെന്ന് ബൈജു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കർണാടക ഹൈകോടതി ബൈജു രവീന്ദ്രന് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു.
കോടതിയുടെ ഉത്തരവ് പുറത്ത് വരുന്നത് വരെ ജനറൽ ബോഡി യോഗം ചേർന്ന് ബൈജുവിനെ പുറത്താക്കരുതെന്നായിരുന്നു നിർദേശം. എന്നാൽ, ജനറൽ ബോഡി യോഗവുമായി മുന്നോട്ട് പോകാൻ നിക്ഷേപകർ തീരുമാനിക്കുകയായിരുന്നു. വമ്പൻ നഷ്ടവും നിരവധി കോടതി വ്യവഹാരങ്ങളും നേരിടുന്ന ബൈജു രവീന്ദ്രന് മറ്റൊരു തിരിച്ചടിയാണ് ഓഹരി ഉടമകളുടെ നിലപാട്.