തൃശൂര്‍: കൊഴുക്കുള്ളിയില്‍നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. പ്രതിയുടെ നടത്തറ കൊഴുക്കുള്ളി സൗഹൃദ നഗറിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, മൊത്ത വിതരണത്തിന് ഇറക്കി വെച്ച 22 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. പ്രതി റിക്‌സന്‍ ഓടി രക്ഷപെട്ടു. പൂരം, പെരുന്നാള്‍ ആഘോഷങ്ങള്‍ ലക്ഷ്യമാക്കി ഇറക്കിയ കഞ്ചാവാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അഷ്‌റഫും സംഘവും പിടികൂടിയത്. ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് നഗരത്തില്‍ വ്യാപകമായി ലഹരി എത്താന്‍ സാധ്യതയുണ്ടെന്ന് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ എസ്. ഷാനവാസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എക്‌സൈസിന്‍റെ പ്രത്യേക ഷാഡോ സംഘം സിവില്‍ വേഷത്തില്‍ ഈ പ്രദേശത്ത് രാത്രിയും പകലും പരിശോധന നടത്തി വരികയായിരുന്നു. മയക്കുമരുന്ന് ലഹരി സംഘം വ്യാപകമായി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലാണ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയത്.
പ്രതിയുടെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെ എക്‌സൈസ് റേയ്ഞ്ച് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഈ സമയം ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന വീട്ടുടമ റിക്‌സണ്‍ എക്‌സൈസ് സംഘത്തെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വീട്ടില്‍ കയറിയ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് വില്പനക്കായി സൂക്ഷിച്ചതാണ് കഞ്ചാവെന്നാണ് നിഗമനം.
റിക്‌സണ്‍ ഒറ്റക്ക് താമസിച്ചിരുന്ന ഈ വീട്ടില്‍ രാത്രി നിരവധി പേര്‍ ബൈക്കുകളില്‍ വന്നു പോകുന്നുണ്ടെന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എസ് ഷാനവാസ് പറഞ്ഞു. എക്‌സൈസ് സംഭവത്തില്‍ കേസെടുത്തു. രക്ഷപ്പെട്ട റിക്‌സനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
റിക്‌സന്‍ നേരത്തേയും കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് എക്‌സൈസ് അറിയിച്ചു. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദദുല്‍ അഷറഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി ജി മോഹനന്‍, അരുണ്‍ കുമാര്‍ പി ബി, സുനില്‍ കുമാര്‍ കെ, എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആയ വിശാല്‍ പി വി, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.