നെയ്യിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. നെയ്യ്, നല്ലതാണ് – നെയ്യ് പതിവായി കഴിക്കണം എന്ന് പറയുന്നവര്‍ ഏറെയുണ്ട്. പക്ഷേ ഇങ്ങനെയെല്ലാമാണെങ്കിലും നെയ്യ് നല്ലതല്ല- നെയ്യ് വണ്ണം കൂട്ടും, നെയ്യ് ഹൃദയത്തിന് ദോഷമാണ് എന്ന് പറയുന്നവരുമുണ്ട്. ശരിക്കും നെയ്യ് വണ്ണം കൂട്ടുമോ? അതുപോലെ നെയ്യ് ഹൃദയത്തിന് ദോഷമാണോ? നമുക്ക് പരിശോധിക്കാം…
വണ്ണം കൂട്ടുമോ?
മിതമായ അളവിലാണ് നെയ്യ് ഡയറ്റിലുള്‍പ്പെടുത്തുന്നതെങ്കില്‍ ഒരിക്കലും നെയ് വണ്ണം കൂട്ടാൻ കാരണമാകില്ല. നെയ്യില്‍ സാച്വറേറ്റഡ് ഫാറ്റ് ആണുള്ളത്. ഈ കൊഴുപ്പ് വണ്ണം കൂട്ടാൻ കാരണമാകും. പക്ഷേ അതിനുമാത്രം അളവില്‍ കഴിക്കണമെന്ന് മാത്രം. സാധാരണഗതിയില്‍ ചോറിലോ ചപ്പാത്തിയിലോ ബ്രഡിലോ എല്ലാം അല്‍പം ചേര്‍ക്കുന്നതോ. അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിഭവങ്ങളിലേക്ക് അല്‍പം ചേര്‍ക്കുന്നതോ ഒന്നും അപകടമേയല്ല.
ഹൃദയത്തിന് ദോഷമോ?
അടുത്തതായി നെയ്യിനെ കുറിച്ച് പറഞ്ഞുകേള്‍ക്കാറുള്ളൊരു വാദം ഇത് ഹൃദയത്തിന് ദോഷമാണ് എന്നതാണല്ലോ. നെയ്യിലുള്ളത് സാച്വറേറ്റഡ് ഫാറ്റ്- അഥവാ ചീത്ത കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാൻ കാരണമാകുന്ന കൊഴുപ്പ് ആണെന്ന് നേരത്തെ പറഞ്ഞുവല്ലോ. അങ്ങനെയെങ്കില്‍ നെയ്യ് കഴിക്കുമ്പോള്‍ കൊളസ്ട്രോള്‍ വരികയും അത് ഹൃദയത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് പലരും വിശ്വസിക്കുന്നത്.
എന്നാല്‍ ഇവിടെയും അളവ് തന്നെയാണ് പ്രധാനം. മിതമായ അളവിലാണ് കഴിക്കുന്നതെങ്കില്‍ നെയ്യ് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു പ്രശ്നവുമുണ്ടാക്കില്ല. എന്നാല്‍ പരിധിയില്‍ കവിഞ്ഞുള്ള ഉപയോഗം വന്നാല്‍ മാത്രം അത് കൊളസ്ട്രോളിന് കാരണമാകാം.
നെയ്യ് ദഹിക്കാൻ പ്രയാസമാണ്, അല്ലെങ്കില്‍ പാചകത്തിന് എടുക്കാൻ പാടില്ല, പാലിനോടോ പാലുത്പന്നങ്ങളോടോ അലര്‍ജിയുള്ളവര്‍ നെയ്യ് കഴിക്കരുത് എന്നിങ്ങനെ നെയ്യിനെ കുറിച്ച് പല തെറ്റിദ്ധാരണകളും പറഞ്ഞുകേള്‍ക്കാറുണ്ട്. ഇതിന്‍റെയെല്ലാം ഉത്തരം മിതമായ അളവില്‍ നെയ്യുപയോഗിക്കുക എന്നതാണ്. അങ്ങനെയെങ്കില്‍ ഇപ്പറയുന്ന പ്രശ്നങ്ങളൊന്നും ബാധിക്കില്ല.