കാസർകോട് > കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പാളിന്റെ ചുമതലയിൽനിന്ന് എൻ രമയെ നീക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ആർ ബിന്ദു. ക്യാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടർന്നാണ് നടപടി നിർദ്ദേശം. കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിനാവശ്യമായ നിർദ്ദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
കോളേജിനകത്തെ കുടിവെള്ളം മലിനമായതിനെ സംബന്ധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്‌ച പ്രിൻസിപ്പലിനെ സമീപിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെയാണ് ചേമ്പറിനകത്ത് പൂട്ടിയിട്ടത്. പൊലീസ് വന്നതിനുശേഷമാണ് പ്രശ്നത്തിന് താൽകാലിക പരിഹാരമായത്.
ചൊവ്വാഴ്ച കുടിവെള്ള പ്രശ്നത്തിന്റെ സ്ഥിതി തിരക്കിയ വിദ്യാർഥികളോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു. വിദ്യാർഥികൾക്ക് തന്റെ മുന്നിലുള്ള കസേരയിലിരിക്കാൻ അവകാശമില്ലെന്നും നിന്നുകൊണ്ട് സംസാരിക്കണമെന്നുമാണ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടത്.
പ്രിൻസിപ്പലിന്റെ മനുഷ്യത്വരഹിതവും അപരിഷ്കൃതവുമായ നിലപാടിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ കോളേജ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.