നെടുമങ്ങാട്> മുതലാളിത്ത സമൂഹത്തിൽ പാവപ്പെട്ടവരുടെ ജീവിതത്തെ എങ്ങനെയാണ് കരുപ്പിടിപ്പിക്കാനാകുക എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് കേരള മോഡൽ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മോഷ്ടാവ് കൊലപ്പെടുത്തിയ വിനിതയുടെ കുടുംബത്തിനായി സിപിഐ എം നിർമിച്ച വീടിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരള മോഡൽ എന്ന് സാമ്പത്തിക ശാസ്‌ത്രജ്‌ഞൻ അമർത്യാസെൻ ഉദാഹരണമായി ചൂണ്ടിക്കാണിച്ചതും പാവപ്പെട്ടവരുടെ ജീവിതത്തിലുണ്ടായ ഉയർച്ചയെ മുൻനിർത്തിയാണ്. ഇടതു സർക്കാരുകളും സിപിഐ എമ്മും ആ തത്വം മുറുകെപ്പിടിച്ചു മുന്നോട്ടു പോകുന്നതിന്റെ ഫലംകൂടിയാണ് കേരള മോഡൽ.
ഒരു മനുഷ്യനേയും അനാഥനാകാൻ അനുവദിക്കില്ലെന്ന നയമാണ് സിപിഐ എമ്മിനും സർക്കാരിനുമുള്ളത്. എല്ലാവർക്കും മെച്ചപ്പെട്ടതും ആനന്ദം നിറഞ്ഞതുമായ ജീവിതമാണ് ലക്ഷ്യം. അതു നിറവേറാൻ അനുയോജ്യമായ ഭവനവും തൊഴിലും അനുബന്ധ സാഹചര്യങ്ങളും ഒരുക്കും. അതിനുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കിയാണ് തുടർ ഭരണം ലഭിച്ച എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.