തിരുവനന്തപുരം: പോക്സോ പീഡന കേസിൽ ട്രാൻസ്ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ. പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെ (34) കുറ്റവാളിയെന്ന് കണ്ടെത്തിയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെണ്ടറെ ശിക്ഷിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു.
സംഭവം നടന്നത് 2016 ഫെബ്രുവരി 23 ന് ഉച്ചയ്ക് രണ്ടരയോടെയാണ്. ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെട്ടു. തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതിക്കൊപ്പം പോകാൻ വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു എന്നാണ് ആരോപണം.
പീഡനത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. പിന്നീട് പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പ്രതി ആവശ്യപ്പെട്ടു. കുട്ടി പോകാൻ തയ്യാറായില്ല. ഫോണിലൂടെ നിരന്തരം മെസ്സേജുകൾ അയച്ചതും കുട്ടി പലപ്പോഴും ഫോണിൽ സംസാരിക്കുന്നതിൽ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. തുടർന്ന് പ്രതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ഫേയസ്ബുക്ക് മെസഞ്ചറിലൂടെ പ്രതി മെസേജുകൾ അയച്ചു. കുട്ടിയുടെ ഫെയ്സ്‌ബുക്കിൽ അമ്മയുടെ ഫോണിൽ ടാഗ്ഗ് ചെയ്തിരുന്നു. മെസേജുകൾ കണ്ട അമ്മയ്ക്ക് സംശയം തോന്നി പ്രതിക്ക് മറുപടി അയച്ചു. അപ്പോഴാണ് പീഡനത്തിന്റെ വിവരം അമ്മ അറിയുന്നത്.
തുടർന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോൾ സംഭവം വ്യക്തമായി. തമ്പാനൂർ പൊലീസിനെ ഉടനെ വിവരം അറിയിച്ചു. പൊലീസ് നിർദ്ദേശ പ്രകാരം അമ്മ പ്രതിക്ക് മെസേജുകൾ അയച്ച് തമ്പാനൂരേക്ക് വരുത്തി. സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ പ്രതി ട്രാൻസ് വുമണായി മാറി. സംഭവ സമയത്തും ട്രാൻസ്ജെൻഡറായിരുന്നെന്നും ഷെഫിൻ എന്ന് പേരായിരുന്നുയെന്നും പ്രതി വാദിച്ചിരുന്നു. എന്നാൽ സംഭവ സമയത്ത് പ്രതിയുടെ പൊട്ടൻസി പരിശോധന പൊലീസ് നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഭിഭാഷകരായ എം മുബീന, ആർ വൈ അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകൾ ഹാജരാക്കി. തമ്പാനൂർ എസ് ഐയായിരുന്ന എസ് പി പ്രകാശാണ് കേസ് അന്വേഷിച്ചത്.