തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. വക്കം അടിവാരം തോപ്പിൽ വീട്ടിൽ ഷഫീഖ് (37), വക്കം അടിവാരം തോപ്പിൽ വീട്ടിൽ സുനിൽ രാജ് (57) എന്നിവരെയാണ് പിടികൂടിയത്. വക്കം അടിവാരം തൊടിയിൽ വീട്ടിൽ സാന്ദ്രയുടെ വീട്ടിൽ 16ന് രാത്രിയിലാണ് കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും മറ്റു സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു.
പ്രതികളെ ശാസ്ത്രീയ തെളിവുകളുടെയും വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ വർക്കല എ എസ് പിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. കടയ്ക്കാവൂർ ഐ എസ് എച്ച് ഒ സജിൻ, എസ് ഐ എസ് സജിത്ത്, എ എസ് ഐമാരായ ജയപ്രസാദ്, എസ് ശ്രീകുമാർ, സി പി ഒമാരായ സിയാദ്, സുജിൽ, അനിൽകുമാർ, അഖിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
അതേസമയം, രാമപുരത്ത് മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ 15 വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സ്വദേശിയായ അരുൾ രാജ് എന്നയാളെയാണ് രാമപുരം പൊലീസ് പിടികൂടിയത്. ഇയാൾ 2008 ൽ വെളിയന്നൂർ ഭാഗത്തെ വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിക്കുകയും തുടര്‍ന്ന് രാമപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയില്‍ ഹാജരാവാതെ ഒളിവിൽ പോവുകയായിരുന്നു. ഇതോടെ കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരത്തിൽ കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇയാളെ നാമക്കൽ ഈറോഡ് ഭാഗത്തുനിന്നും പിടികൂടിയത്.