കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്ക് പ്രദേശവാസികൾ ഒന്നടങ്കം എതിരല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. കൃത്യമായ നഷ്ടപരിഹാരം, സമയബന്ധിത പുനരധിവാസം എന്നിവ പ്രതീക്ഷിച്ചാണ് ഭൂരിപക്ഷം ജനങ്ങളും പദ്ധതിയെ സ്വാഗതം ചെയ്യുന്നത്. എന്നാൽ, പുനരധിവാസ പാക്കേജ് സംബന്ധിച്ച് വ്യാപക ആശങ്കയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് ഇതിന് കാരണം.
പാക്കേജിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട ആശങ്കകൾ ഗൗരവമായി പരിഗണിക്കണമെന്നും തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങൾ പൂർണമായും പരിഹരിച്ച് മുന്നോട്ട് പോകണമെന്നും സമിതി നിർദേശിച്ചു. ഭൂമിയും ജോലിയും നഷ്ടപ്പെടുന്നവരുമായി ചർച്ച നടത്തി സമഗ്ര നഷ്ടപരിഹാര പാക്കേജ് സർക്കാർ തയാറാക്കണം. അർഹനായ ഒരാൾപോലും ഒഴിവാക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണം. പരിസ്ഥിതി ആഘാതങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ ഉണ്ടാകണമെന്നും ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനത്തിന്മേലുള്ള വിദഗ്ധ സമിതിയുടെ വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നു.
പദ്ധതിയുടെ വിശദ ഉദ്ദേശ്യവും പ്രയോജനവും ജനങ്ങളെ ബോധ്യപ്പെടുത്താൻ സാമൂഹികാഘാത പഠനത്തിന് കഴിയുന്നില്ല. വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട് മതിയായ വിവരങ്ങൾ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ സംഭവിക്കുന്ന ഭൗതികനഷ്ടങ്ങൾ സംബന്ധിച്ച് പരാതികൾ കമ്മിറ്റിക്ക് ലഭിച്ചു. അവ പരിശോധിക്കപ്പെടണം. നഷ്ടം നേരിടുന്നവർക്ക് എയർപോർട്ട് നിർമാണസമയത്തും തുടർന്നും ജോലികളിൽ അവസരം നൽകണമെന്ന ആവശ്യങ്ങൾ ഉയർന്നു. ഏറ്റെടുക്കേണ്ട ഭൂമിയുടെ യഥാർഥ അളവ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രൗണ്ട് സർവേ നടത്താത്തതാണ് ഭൂമി ഏറ്റെടുക്കലിലെ ആശങ്കക്ക് കാരണം. മണിമല, ചെറുവള്ളി എസ്റ്റേറ്റ്, എരുമേലി അഞ്ചാം വാർഡ് എന്നിങ്ങനെ വ്യത്യസ്തമായി വിലയിരുത്തൽ നടത്തണമെന്നായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സാമൂഹികാഘാത പഠനത്തിലെ പ്രശ്നങ്ങൾ
പേരുവിവരങ്ങൾ പലതും അപൂർണം
റേഷൻകട റിപ്പോർട്ടിൽ ഉൾപ്പെട്ടില്ല
ചെറുകിട സ്ഥാപനങ്ങളും കെട്ടിടങ്ങളും പട്ടികയിലില്ല
വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ കടബാധ്യതയുള്ളവരുടെ വിവരങ്ങളില്ല