പമ്പ: ശബരിമല തീർഥാടകരുടെ സുരക്ഷായാത്രയ്‌ക്ക് എല്ലാ ക്രമീകരണവും ഒരുക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. പമ്പയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.തീർഥാടകർക്ക് വെർച്ച്വൽ ക്യൂ സംവിധാനത്തിലൂടെ കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങിനും ഇത്തവണ ആദ്യമായി സംവിധാനം ഏർപ്പെടുത്തി. പമ്പയിലും നിലയ്ക്കലിലും പ്രത്യേക ടിക്കറ്റ് കൗണ്ടറുകൾ ആരംഭിക്കും. പത്തുവീതം കൗണ്ടറുകളാണ് തുടങ്ങുക. യാത്രാതിരക്ക് ഒഴിവാക്കാൻ ഇത് ഏറെ ഉപകരിക്കും.
ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലയളവില്‍ കെഎസ്ആര്‍ടിസി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അധിക സര്‍വീസുകള്‍ നടത്തും. തിരക്കിനനുസൃതമായി മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചത്. ഡിസംബര്‍ അഞ്ചുവരെയുള്ള ആദ്യഘട്ടത്തില്‍ 140 ലോ ഫ്ളോര്‍ നോണ്‍ എസി, 60 വോള്‍വോ ലോ ഫ്ളോര്‍ എസി, 15 ഡീലക്സ്, 245 സൂപ്പര്‍ഫാസ്റ്റ് -ഫാസ്റ്റ് പാസഞ്ചര്‍, 10 സൂപ്പര്‍ എക്സ്പ്രസ്, മൂന്നുഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 473 ബസുകളും ഡിസംബര്‍ ആറു മുതലുള്ള രണ്ടാംഘട്ടത്തില്‍ 140 നോണ്‍ എ സി ലോ ഫ്ളോര്‍, 60 വോള്‍വോ എ സി ലോ ഫ്ളോര്‍, 285 ഫാസ്റ്റ് പാസഞ്ചര്‍ – സൂപ്പര്‍ ഫാസ്റ്റ്, 10 സൂപ്പര്‍ എക്സ്പ്രസ്, 15 ഡിലക്സ്, മൂന്നു ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 513 ബസും സര്‍വീസ് നടത്തും. മകരവിളക്ക് കാലത്ത് 800 ബസുകള്‍ സര്‍വീസിന് വിനിയോഗിക്കും.
14 സ്പെഷ്യല്‍ സര്‍വീസ് സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പമ്പ, പുനലൂര്‍, അടൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യല്‍ സര്‍വീസ് സെന്ററുകള്‍. കേരളത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും ആവശ്യം അനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കും. 40-ല്‍ കൂടുതല്‍ യാത്രക്കാര്‍ സംഘമായി ബുക്ക് ചെയ്താല്‍ ഏത് സ്ഥലത്തുനിന്നും യാത്രക്കാരെ കയറ്റാനും സൗകര്യം ഒരുക്കും.