പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് അയ്യപ്പന്റെ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 22ന് പുറപ്പെടും.രാവിലെ 7ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുക. ഘോഷയാത്രയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേലും പി എം തങ്കപ്പനും ചേര്‍ന്ന് ആചാരപൂവം യാത്രയയക്കും.22ന് രാവിലെ അഞ്ച് മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. ഘോഷയാത്ര 25ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും.
വൈകിട്ട് 3ന് പമ്പയില്‍ നിന്ന് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് അഞ്ചുമണിയോടെ ശരംകുത്തിയില്‍ വച്ച് ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും. ദേവസ്വം ബോര്‍ഡ് ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുന്നത്.
ഘോഷയാത്രയെ പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും. പിന്നീട് തങ്ക അങ്കി അടങ്ങിയ പേടകം സോപാനത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. 6.30ന് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.
ഡിസംബര്‍ 26ന് പകല്‍ 11.50നും 1.15 നും ഇടയിലാണ് മണ്ഡലപൂജ. മണ്ഡലപൂജ കഴിഞ്ഞ് ഉച്ചക്ക് അടയ്ക്കുന്ന നട വൈകിട്ട് 4ന് വീണ്ടും തുറക്കും. അത്താഴപൂജക്ക് ശേഷം ഹരിവരാസനം പാടി രാത്രി 10ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാല ഉത്സവത്തിനും സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും. അന്നേ ദിവസം തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. 2022 ജനുവരി 14നാണ് മകരവിളക്ക് -മകരജ്യോതി ദര്‍ശനം.