ജയ്പുര്‍: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും ഭാര്യ സാറ അബ്‍ദുള്ളയും വേര്‍പിരിഞ്ഞു. രണ്ട് പതിറ്റാണ്ടോളം നീണ്ട ദാമ്പത്യ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി നല്‍കിയ സത്യവാങ്മൂലത്തില്‍ ആണ് വിവാഹ മോചിതനായെന്ന് സച്ചിൻ വ്യക്തമാക്കിയിട്ടുള്ളത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (എൻസി) നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ മകളാണ് സാറ അബ്‍ദുള്ള.ഭാര്യയിൽ നിന്നുള്ള വേർപിരിയൽ സച്ചിൻ ആദ്യമായാണ് വെളിപ്പെടുത്തുന്നത്. സച്ചിൻ പൈലറ്റും സാറ അബ്‍ദുള്ളയും 2004ൽ ആണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആൺമക്കളാണ് ഉള്ളത് – അരൻ, വിഹാൻ. രണ്ട് മക്കളും തന്‍റെ ആശ്രിതരാണെന്ന് സച്ചിൻ സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സച്ചിൻ പൈലറ്റിന്‍റെ സ്വത്തിൽ ഗണ്യമായ വർധനയുണ്ടായെന്നും സത്യവാങ്മൂലം വെളിപ്പെടുത്തി.
2018ൽ സച്ചിന്‍റെ ആകെ ആസ്തി ഏകദേശം 3.8 കോടി രൂപയായിരുന്നു. എന്നാല്‍, 2023 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ സമ്പത്ത് ഏകദേശം ഇരട്ടിയായി വർധച്ചു, ഏകദേശം 7.5 കോടി രൂപയിലെത്തി. സിറ്റിംഗ് മണ്ഡലമായ ടോങ്കിൽ നിന്നാണ് സച്ചിൻ ഇക്കുറിയും മത്സരിക്കുന്നത്. പ്രവർത്തകർക്കൊപ്പം ആവേശമായെത്തിയാണ് സച്ചിൻ പൈലറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ശേഷം പ്രതികരിച്ചതാകട്ടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഒന്നിച്ച് പോകണമെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും പറഞ്ഞതിനെക്കുറിച്ചായിരുന്നു.
കഴിഞ്ഞതെല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകാനാണ് രാഹുലും ഖർഗെയും പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ഭരണം നിലനിർത്താനുള്ള തീവ്ര പരിശ്രമത്തിലാണ് കോൺഗ്രസ്. ഇടഞ്ഞു നിന്നിരുന്ന മുഖ്യമന്ത്രി ഗെലോട്ടും സച്ചിനും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നത് കോൺഗ്രസിന് ആശ്വാസമേകുന്നതാണ്. രാജസ്ഥാൻ നിയമസഭയിലെ 200 സീറ്റുകളിലേക്കും നവംബർ 25 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. ഭരണം നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ അധികാരം തിരിച്ചുപിടിക്കാനാണ് ബിജെപിയുടെ പരിശ്രമം.