മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു. സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്‌സ് ജവാൻ പ്രകാശ് കപ്‌ഡെ(39) യാണ് മരിച്ചത്. ജാംനറിലെ വീട്ടിൽ വെച്ചാണ് പ്രകാശ് ആത്മഹത്യ ചെയ്തത്.
ബുധനാഴ്ച പുലർച്ചെ 1.30ഓടെയാണ് സംഭവം. അവധിക്കായി വീട്ടിൽ പോയതായിരുന്നു പ്രകാശ്. തന്റെ സർവീസ് തോക്കുപയോഗിച്ച് കഴുത്തിൽ വെടിവെക്കുകയായിരുന്നു. വ്യക്തിപരമായ കാരണമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, സംഭവത്തിൽ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്യും. പ്രകാശിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.












