2005ല്‍ പുറത്തിറങ്ങിയ ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിലൂടെയാണ് സാജൻ സൂര്യ സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ടെലിവിഷന്‍ പരമ്പരകളിലൂടെ സാജന്‍ അഭിനയരംഗത്ത് സജീവമായി. എന്നാല്‍ ഇതിനൊക്കെ മുന്‍പ് നാടകങ്ങളിലൂടെ അരങ്ങിലെത്തിയ ഒരു കാലവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സാജനും സുഹൃത്തുക്കളും ചേർന്ന് ആര്യ കമ്യൂണിക്കേഷൻ എന്ന പേരിൽ ഒരു നാടക ട്രൂപ്പ് നടത്തിയിരുന്നു. നാല് വർഷത്തോളം നാടക കമ്പനി നടത്തിയെങ്കിലും താമസിയാതെ സാമ്പത്തിക പ്രതിസന്ധി കാരണം അത് പിരിച്ചുവിട്ടു. പിന്നീട് സർക്കാർ ജോലിയിൽ പ്രവേശിച്ച സമയത്താണ് അഭിനയത്തിനായി അവസരങ്ങൾ തേടിയെത്തുന്നത്.
ഇപ്പോഴിതാ, തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് പറയുകയാണ് താരം. തന്റെ അഭിനയം മോശമാണെങ്കിൽ അത് നേരിട്ട് പറയട്ടെയെന്നാണ് സീ മലയാളം ന്യൂസ് അഭിമുഖത്തിൽ നടൻ പറയുന്നത്. ‘ദേഷ്യം വന്നാൽ അധിക സമയം അങ്ങനെ ഇരിക്കുന്നയാളല്ല ഞാൻ, പെട്ടെന്ന് തന്നെ തിരികെ ചെന്ന് മാപ്പ് പറയും. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ നോക്കരുതെന്നാണ് എന്റെ അഭിപ്രായം. കാരണം അതിൽ കൂടുതലും നെഗറ്റീവ് കമന്റുകൾ ആയിരിക്കും. അതിനോട് പ്രതികരിച്ചിട്ട് കാര്യവുമില്ല, കൂടുതലും ഫേക്ക് അക്കൌണ്ടിൽ നിന്നാകും വരുന്നത്’.
പത്ത് പേര് നമ്മളെ കുറിച്ച് മോശം പറഞ്ഞാൽ നമ്മൾ ചെയ്യുന്നത് മോശമാണെന്ന് സ്വാഭാവികമായും ചിന്തിച്ച് പോകും. അതുകൊണ്ട് കമന്റുകൾ നോക്കേണ്ടന്നാണ് നടൻ പറയുന്നത്. റൊമാന്റിക് സീരിയലായ ഗീത ഗോവിന്ദത്തിലാണ് സാജൻ ഇപ്പോൾ അഭിനയിക്കുന്നത്. ബിസിനസ്മാൻ ആയിട്ടാണ് നടൻ എത്തുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സാജന്റെ മിനിസ്‌ക്രീനിലേക്കുള്ള മടങ്ങി വരവ്. ഇടവേള എടുത്ത സമയത്ത് നല്ല സിനിമകൾ ഏതെങ്കിലും ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് സാധിച്ചില്ലെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.