തിരുവനന്തപുരം∙ സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്. സത്യപ്രതിജ്‌ഞ നടക്കുന്ന ബുധനാഴ്ച കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്ന നടപടി ധാര്‍മികമായി ശരിയല്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
അതേസമയം, രാജ്ഭവനിൽ സത്യപ്രതിജ്ഞ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഗവർണർ രണ്ടിനാണ് ഇനി തലസ്ഥാനത്ത് മടങ്ങിയെത്തുന്നത്. ആറാം തീയതി വീണ്ടും തിരികെ പോകും. അതിനാലാണ് നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് അനുമതി ചോദിച്ചത്. സത്യപ്രതിജ്ഞയ്ക്കായി അനുമതി ചോദിച്ച് കത്ത് ലഭിച്ചിട്ടുണ്ടെന്നും തീരുമാനം എടുത്തിട്ടില്ലെന്നും രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. സജിക്ക് എതിരെയുള്ള കേസുകളുടെ കാര്യവും ഗവർണർ പരിശോധിക്കും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടിയതോടെയാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്. ഈ വർഷം ജൂലൈ ആറിനാണ് സജി ചെറിയാൻ രാജിവച്ചത്. സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു. വകുപ്പുകളും മറ്റും മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു.