കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ആരാധ്യരായ നേതാക്കള്‍ക്ക് എതിരെ സജി മഞ്ഞക്കടമ്പന്‍ നടത്തിയ പുലഭ്യം പറച്ചില്‍ തികഞ്ഞ അബദ്ധജഡില പ്രയോഗമായിപ്പോയിയെന്നും അധികാരവും ജോലിയും ഇല്ലാത്തതു കൊണ്ട് വെറും പ്രസ്താവന തൊഴിലാളിയായി സജി മഞ്ഞക്കടമ്പൻ മാറിയിരിക്കുകയാണെന്നും കേരളാ കോണ്‍ഗ്രസ് എം യൂത്ത്ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ അഡ്വ.റോണി മാത്യൂ പറഞ്ഞു
സജി മഞ്ഞക്കടമ്പന്റെ നാവില്‍ നിന്നും പുറത്തുവരുന്ന ഇത്തരം നിലവാരം കുറഞ്ഞ ഭാഷ്യം എന്തുകൊണ്ടാണ് എന്ന് ജനങ്ങള്‍ക്ക് നന്നായി മനസ്സിലാകും. ആരാണ് യഥാര്‍ത്ഥത്തില്‍ പ്രസ്താവനത്തൊഴിലാളിയെന്നു മനസിലാക്കുവാൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോട്ടയം ജില്ലയിലെ ചിത്രം ഒന്ന് പരിശോധിച്ചാല്‍ തന്നെ ധാരാളം. നിമയസഭാ സീറ്റ് ലക്ഷ്യമിട്ട് സജി പല കോപ്രായങ്ങളും കാട്ടിക്കൂട്ടി എന്നാല്‍ നിയമസഭാ സീറ്റ് ലഭിച്ചില്ലെന്നു മാത്രമല്ല ആകെ കൈയിലുണ്ടായിരുന്ന മെഡിക്കല്‍ കോളജ് ഉപദേശക സമിതി അംഗത്തില്‍ നിന്നും സ്വന്തം പാർട്ടി പുറത്താക്കി.
ഇതുമൂലമുണ്ടായ പരിഭ്രാന്തിയും തിരികെ സജീവമായിയെത്തുവാൻ നേതൃത്വത്തിൻ്റെ അരികിലെ മണിയടിയുമാണ് സജി മഞ്ഞക്കടമ്പന്റെ ഇപ്പോഴുള്ള വിലാപത്തിനുള്ള കാരണം.നാല് പേരും നാല്‌പത് പരിപാടികളും എന്നുള്ള സജിയുടെ ഒറ്റയാന്‍ തേരോട്ടത്തിന് ദൃശ്യ മാധ്യമങ്ങളുടെ അപ്രഖ്യാപിത വിലക്കും മുന്നണി നേതൃത്വത്തിന്റെ വിയോജിപ്പും സജിയെ ഒരു തരം വിഭ്രാന്തിയിലേയ്ക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്.മാതൃ പ്രസ്ഥാനത്തിൽ ആയിരുന്നപ്പോൾ പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ, യൂത്ത് ഫ്രണ്ട് ജില്ല, സംസ്ഥാന അധ്യക്ഷ പദവികൾ തുടങ്ങി നിരവധി ഭാരവാഹിത്വങ്ങളിലൂടെ ശരവേഗം വളർന്ന സജി മറുകണ്ടം ചാടിയപ്പോൾ ഒരു സഹകരണ ബോർഡ് അംഗം പോലുമാകാൻ കഴിയാത്ത തരത്തിൽ വളർച്ച കീഴോട്ടു മാത്രമായി ഒതുങ്ങിപ്പോയി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പാർട്ടി മെമ്പർഷിപ്പ് നാടകത്തിൻ്റെ അവവസാനത്തിൽ കേരളാ കോണ്‍ഗ്രസ് ജില്ല അധ്യക്ഷ പദവിയിൽ നിന്നു തന്നെ സജി അപ്രസക്തമാകും.
പണ്ടേ ഇരിക്കുന്ന കമ്പ് അറക്കുന്ന സജി മഞ്ഞക്കടമ്പൻ അധികം വൈകാതെ തന്നെ നിൽക്കുന്ന പ്രസ്ഥാനത്തിനെതിരെ പ്രസ്താവനകളുമായി എത്തുന്നത് കാണാമെന്നും റോണി പറഞ്ഞു