തിരുവനന്തപുരം: മൂന്നുദിവസം വൈകി സർക്കാർ ജീവനക്കാർക്ക് ശമ്പളവിതരണം തുടങ്ങി. പക്ഷേ പ്രതിദിനം 50,000 രൂപയേ ട്രഷറി അക്കൗണ്ടിൽ നിന്ന് പിൻവലിക്കാനാകൂ. ഇതാദ്യമായാണ് ശമ്പളം പിൻവലിക്കലിന് പരിധി ഏർപ്പെടുത്തുന്നത്. ഒന്നിച്ച് പണം പിൻവലിക്കുമ്പോഴുള്ള ട്രഷറിയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് പരിധി നിശ്ചയിച്ചതെന്നും ഇത് സാധാരണ ബാങ്കുകളെല്ലാം ചെയ്യുന്നതാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിക്കുന്നു.
ആദ്യ പ്രവൃത്തി ദിവസത്തിൽ കിട്ടേണ്ട സെക്രട്ടേറിയറ്റ്, പൊലീസ്, ജുഡീഷ്യറി, ജയിൽ, റവന്യൂ അടക്കം 1.75 ലക്ഷം ജീവനക്കാർക്കാണ് തിങ്കളാഴ്ച ശമ്പളമെത്തിത്തുടങ്ങിയത്.രണ്ടാം പ്രവൃത്തി ദിവസത്തിലെ ശമ്പളക്കാരായ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലായി രണ്ടു ലക്ഷത്തോളം പേർക്കുള്ള വിതരണം ചൊവ്വാഴ്ചയാകും.മൂന്നാം പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ശമ്പളമെത്തേണ്ട കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളിൽ മൂന്നു ദിവസം കഴിയും.അതേസമയം, ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരമാരംഭിച്ചിട്ടുണ്ട്.