പൂനെ : പൂനെയിൽ ഏർപ്പെടുത്തിയ ഇറച്ചി, മത്സ്യം (നോൺ വെജ്) നിരോധം പ്രാബല്യത്തിൽ. പുതുതായി രൂപീകരിച്ച ദെഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയിൽ ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയം ഇന്നു മുതൽ നടപ്പാക്കുകയായിരുന്നു. നേരത്തെ ഗ്രാമപ്പഞ്ചായത്തും ഈ തീരുമാനമെടുത്തിരുന്നു. മഹാരാഷ്ട്രയിലെ പ്രശസ്തമായ സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ദേഹു നഗരത്തിലാണ്. നാട്ടുകാരുടെയും സന്ത് തുക്കാറാം മഹാരാജിന്റെ ഭക്തരുടെയും വികാരം പരിഗണിച്ചാണ് തീരുമാനം. മാംസവും മത്സ്യവും വിൽക്കുന്ന കടകൾ നടത്തുന്നുണ്ടെങ്കിൽ ഉടൻ അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം നിയമലംഘകർക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും ദേഹു നഗർ പഞ്ചായത്ത് ചീഫ് ഓഫീസർ പ്രശാന്ത് ജാദവ് അഭ്യർത്ഥിച്ചിരുന്നു.
അംഗങ്ങളുടെ കാലാവധി അവസാനിച്ചതിനാൽ ഗ്രാമപ്പഞ്ചായത്ത് പിരിച്ചുവിട്ടു. പിന്നാലെ ഇവിടെ ഇറച്ചിയും മീനും വിൽക്കാൻ തുടങ്ങി. കൊവിഡ് കൂടി വന്നതോടെ പ്രതിരോധശേഷി വർധിപ്പിക്കാൻ പലരും മാംസത്തിന് ഊന്നൽ നൽകാൻ ആരംഭിച്ചു. എന്നാൽ ഗ്രാമപഞ്ചായത്ത് മുനിസിപ്പൽ കൗൺസിലായി രൂപാന്തരപ്പെടുകയും ജനുവരിയിൽ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. എൻസിപി അധികാരത്തിലെത്തി. അതിനുശേഷമുള്ള ആദ്യ പൊതുയോഗത്തിൽ ഒരിക്കൽ കൂടി മാംസ-മത്സ്യ വിൽപന നിരോധിക്കുന്ന പ്രമേയം പാസാക്കി. പ്രമേയം എല്ലാ പാർട്ടികളും ഏകകണ്ഠമായി അംഗീകരിച്ചു. ഫെബ്രുവരിയിൽ എടുത്ത തീരുമാനം ഇറച്ചി, മീൻ കച്ചവടക്കാരെ അറിയിക്കുകയും ചെയ്തു. ഇവർക്ക് മാർച്ച് 31 വരെ സമയപരിധി നൽകുകയും ചെയ്തു.