ദില്ലി: സ്വവർഗ്ഗ വിവാഹത്തിൽ കോടതി തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്ന് നിയമമന്ത്രി കിരൺ റിജിജു. രാജ്യത്തെ എല്ലാവരെയും ബാധിക്കുന്ന വിഷയത്തിൽ കോടതി ഇടപെടൽ ശരിയല്ല. ജനങ്ങൾക്ക് ആവശ്യമില്ലാത്തത് അവരുടെ മേൽ അടിച്ചേല്പിക്കരുത് എന്നും കിരൺ റിജിജു പറഞ്ഞു.സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് നിയമമന്ത്രിയുടെ പരാമർശം വന്നിരിക്കുന്നത്.
നിയമങ്ങളിൽ കലോചിതമായ മാറ്റം അനിവാര്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സ്ഥലം, കാലം എന്നിവയനുസരിച്ച് നിയമങ്ങളിൽ മാറ്റം വരാമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, നിയമങ്ങളെ എവിടെ നിന്നെങ്കിലും പറിച്ചുനടാൻ കഴിയില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ സാമൂഹികാവസ്ഥ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങളിൽ സാമൂഹിക സ്വീകാര്യത പരമപ്രധാനമാണെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു.