ട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരായ ഏകദിന മത്സരങ്ങൾ കളിക്കാൻ ട്രിനിഡാഡിലെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ആരാധകരുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്റ്റേഡിയത്തിലെ കനത്ത മഴ കാരണം പരിശീലിക്കാൻ സാധിക്കാതെ വന്നതോടെയാണ് ആരാധകരോടു സംസാരിച്ചിരിക്കുന്നതെന്ന് വിഡിയോയിൽ സഞ്ജു സാംസൺ പറഞ്ഞു.
‘‘എല്ലാവർക്കും നമസ്കാരം, ഞാൻ ഇവിടെ ട്രിനിഡാഡ്, പോർട്ട് ഓഫ് സ്പെയിനിലാണ്, നമ്മുടെ ചേട്ടൻമാർ കൂടെയിരിപ്പുണ്ട്. വളരെ സന്തോഷം, വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ കപ്പയും മീനും വേണോ എന്നു ചോദിച്ചാണ് ഒരു ചേട്ടൻ എന്നെ വീഴ്ത്തിയത്. അതാണ് കരീബിയനിലെ ആദ്യത്തെ അനുഭവം. അപ്പോഴാണ് ആദ്യത്തെ മലയാളിയെ ഇവിടെ പരിചയപ്പെട്ടത്.
പരീശീലനത്തിനു വന്നപ്പോൾ ഭയങ്കര മഴയാണ്. അതുകൊണ്ടു രണ്ടു ചേട്ടൻമാരുമായി സംസാരിച്ച് ഇരിക്കുന്നു’’– വിഡിയോയിൽ സഞ്ജു പറഞ്ഞു. പോർട്ട് ഓഫ് സ്പെയിനിൽ നാളെ വൈകിട്ട് 7 മുതലാണ് ഇന്ത്യ – വിൻഡീസ് ആദ്യ ഏകദിനം. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണു യുവ ഇന്ത്യൻ നിരയുമായി ബിസിസിഐ കരീബിയനിലെത്തിയത്.