സാന്താക്ലോസിന്റെ വേഷം ധരിച്ചതിന് യുവാവിനെ തീവ്ര ഹിന്ദുത്വ സംഘടനയുടെ ആൾക്കൂട്ടം മർദ്ദിച്ചു. ഡിസംബർ 20നാണ് സംഭവം. ഗുജറാത്ത് വഡോദര മകർപുര ഏരിയയിലെ റെസിഡൻഷ്യൽ കോളനിയിൽ വച്ച് സാന്താക്ലോസിന്റെ വേഷം ധരിച്ച യുവാവിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു. ശശികാന്ത് ദാബി എന്ന യുവാവാണ് മർദ്ദനത്തിന് ഇരയായത്.
മകർപുര പ്രദേശത്തെ അവധൂത് സൊസൈറ്റിയിൽ ഒരു കൂട്ടം ക്രിസ്ത്യൻ കുടുംബങ്ങൾ ആഘോഷത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം അരങ്ങേറിയതെന്ന് പൊലീസ് പറയുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ശശികാന്ത് സാന്താക്ലോസിന്റെ വേഷം ധരിച്ച് ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. അതിനിടെയാണ് ഇത് ഹിന്ദു ആധിപത്യമുള്ള പ്രദേശമാണെന്നും ക്രിസ്മസ് പോലെയുള്ള ആഘോഷങ്ങൾ പാടില്ലെന്നും ഭീഷണിപ്പെടുത്തി ഒരു സംഘം എത്തി. ആളുകൾ താമസിയാതെ ദാബിയെ ആക്രമിക്കുകയും ചെയ്തു. ഒരു സ്ത്രീയടക്കം നാല് പേർക്ക് പരിക്കേറ്റു. അക്രമികൾക്കെതിരെ ദാബി പരാതി നൽകി. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.