ബാല തന്നെ ഭീഷണിപ്പെടുത്തി തടഞ്ഞു വെച്ചിരിക്കുക ആയിരുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് സന്തോഷ് വർക്കി(ആറാട്ടണ്ണൻ). ബാല തന്നെ പൂട്ടിയിട്ടിട്ടില്ല എന്ന് പറഞ്ഞ സന്തോഷ് തനിക്ക് ഒസിഡി എന്ന രോഗമാണെന്ന് പറഞ്ഞു. ബാലയുടെ മുന്നിൽവച്ച് മാധ്യമങ്ങളോട് ആയിരുന്നു സന്തോഷിന്റെ പ്രതികരണം. ബാല തന്നെ പൂട്ടിയിട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് സന്തോഷ് വർക്കി മറുപടി പറഞ്ഞത്. തന്നെ പേടിയാണോ എന്നും ബാല ചോദിക്കുന്നുണ്ട്. ഇതിനും ഇല്ല എന്നാണ് സന്തോഷിന്റെ മറുപടി. കഴിഞ്ഞ 20 വർഷമായി ഒ സി ഡിയ്ക്ക് താൻ ചികിത്സയിൽ ആണെന്നും മൈന്റ് സ്റ്റേബിൾ അല്ലെന്നും സന്തോഷ് പറയുന്നു. സന്തോഷ് കഴിക്കുന്ന മരുന്നുകളും ബാല മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. ബാല തന്നെ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണ്. തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോൺ തട്ടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി സന്തോഷ് പറഞ്ഞു.
അതേസമയം, വീട് കയറി ആക്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള യൂട്യൂബറുടെ പരാതിയിൽ ബാലയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തൃക്കാക്കര പൊലീസ് നടന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുക ആയിരുന്നു. യൂട്യൂബർ അജു അലക്സും സന്തോഷ് വർക്കിയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തി ഉണ്ടാക്കിയ വ്യാജ ആരോപണമാണ് തോക്ക് കാട്ടി അക്രമം എന്നും ബാല മൊഴി നല്‍കി. അതേസമയം, ബാലയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ തോക്ക് കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരുദിവസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെകുത്താനെന്ന് വിളിപ്പേരുള്ള യൂട്യബര്‍ അജു അലക്സ് ഇടപ്പള്ളി ഉണിച്ചിറയില്‍ സുഹൃത്തിനൊപ്പമാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെ ബാല അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുക ആയിരുന്നു എന്നാണ് ആരോപണം. ബാലയ്ക്കെതിരെ വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ഭീഷണിക്ക് പിന്നലെന്നാണ് എഫ്ഐആറില്‍ ഉള്ളത്.