കൊച്ചി> മനുസ്‌മൃതിക്ക് മൗനംകൊണ്ട് സമ്മതം മൂളുന്ന സാമൂഹ്യക്രമത്തിൽ ജനാധിപത്യത്തിന്റെ കാവലാളായി മാറാനുള്ള ഉത്തരവാദിത്വം പുതിയ തലമുറ ഏറ്റെടുക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. എറണാകുളം സെന്റ് തെരേസാസ് കോളേജ് മലയാളവിഭാഗം, മഹാരാജാസ് കോളേജ് മലയാളവിഭാഗം, തൃശൂർ കറന്റ് ബുക്സ് എന്നിവ ചേര്‍ന്ന് സാറാ ജോസഫിന്റെ നോവല്‍ ‘കറ’യെ ആസ്പദമാക്കി സംഘടിപ്പിച്ച ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു എഴുത്തുകാരി.
സങ്കടകരമെന്നുപറയട്ടെ 5000 കൊല്ലംമുമ്പുണ്ടായ മനുസ്മൃതി ഇന്നത്തെ ഭരണഘടനയാകുകയാണ്. ഇതിനെതിരെ വേണ്ടത്ര പ്രതിഷേധം ഇന്ത്യൻ സമൂഹത്തിൽനിന്ന് ഉയരുന്നില്ല. ലോകജനത കടന്നുപോന്ന വഴികളിലെല്ലാം കുഞ്ഞുങ്ങളുടെ, സ്ത്രീകളുടെ, കീഴാളരുടെ, ദുർബലരുടെ കണ്ണീരിന്റെയും ഒറ്റപ്പെടലിന്റെയും കീഴടങ്ങലിന്റെയും കറയുണ്ട്. മനുഷ്യകുലത്തിൽ പതിച്ച ഈ കറകളിലേക്ക് സഞ്ചരിക്കുകയാണ് “കറ’ എന്ന നോവലെന്നും അവർ പറഞ്ഞു.
സെന്റ് തെരേസാസ് കോളേജ് മാനേജർ സിസ്റ്റർ വിനീത അധ്യക്ഷയായി. ഫാ. ബോബി ജോസ് കട്ടിക്കാട് “കറ’ നോവലിനെക്കുറിച്ച് സംസാരിച്ചു. ഡോ. ശ്രീകല ശിവശങ്കരൻ ‘ഇതിഹാസ ഭാവനയും ലിംഗ– ലിംഗാതീത പുനർവിചിന്തനങ്ങളും’ വിഷയത്തിൽ സാറാ ജോസഫിന്റെ കൃതികളെ അപഗ്രഥിച്ച് പ്രഭാഷണം നടത്തി. സെന്റ് തെരേസാസ് പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ്, മലയാളവിഭാഗം മേധാവി ഡോ. സൗമ്യ ബേബി, മഹാരാജാസ് കോളേജ് മലയാളവിഭാഗം മേധാവി ഡോ. സുമി ജോയി ഓലിയപ്പുറം, വൈസ് പ്രിൻസിപ്പൽ ഡോ. പൂജ പി ബാലസുന്ദരം എന്നിവർ സംസാരിച്ചു.