ഹരിപ്പാട് : ആർ.എസ്.എസ്. പ്രവർത്തകൻ ശരത് ചന്ദ്രൻ വധക്കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്. നേരത്തേ ഏഴുപേരെയാണു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. രണ്ടുപേർക്കുകൂടി കൊലപാതകത്തിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രതികളുടെ എണ്ണം ഒൻപതായി. ഇവരിൽ ആറുപേരുടെ അറസ്റ്റ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ രേഖപ്പെടുത്തിയിരുന്നു.
ഒന്നാംപ്രതി നന്ദു പ്രകാശി(20)നെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. താമല്ലാക്കൽ തെക്കുംമുറി പടന്നയിൽ ശിവകുമാർ (25), പൊത്തപ്പള്ളി തെക്ക് പീടികയിൽ ടോം തോമസ് (27), പൊത്തപ്പള്ളി തെക്ക് കടൂർ വിഷ്ണുകുമാർ (സുറുതി വിഷ്ണു- 29), കുമാരപുരം എരിക്കാവ് കൊച്ചുപുത്തൻപറമ്പിൽ സുമേഷ് (33), താമല്ലാക്കൽ തെക്ക് പുളിമൂട്ടിൽ കിഴക്കേതിൽ സൂരജ് (20), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് നിഷാ നിവാസിൽ കിഷോർ (കൊച്ചിരാജാവ് – 33) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ചു തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ശരത്ചന്ദ്രനെ കുത്തിയശേഷം പ്രതികൾ പലസംഘങ്ങളായി പിരിഞ്ഞാണു രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സുമേഷ്, കിഷോർ എന്നിവരെ പുലർച്ചേ വീടുകളിൽനിന്നാണു പിടികൂടിയത്. സൂരജ്, ശിവകുമാർ എന്നിവരെ പിന്നീട് കായംകുളത്തുനിന്ന് കസ്റ്റഡിയിലെത്തു. മറ്റു രണ്ടുപേർ ഹരിപ്പാട്ടുതന്നെ ഒളിവിൽ കഴിയുകയായിരുന്നു. ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികളുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. കാട്ടിൽ മാർക്കറ്റ് പുത്തൻകരിയിൽ ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി ഘോഷയാത്രയ്ക്കിടെയുണ്ടായ വഴക്കിനു പ്രതികാരം ചെയ്യാൻ ആയുധങ്ങളുമായി പ്രതികൾ വഴിയിൽ കാത്തു നിൽക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു വി. നായർ പറഞ്ഞു.
പ്രതികൾ ലഹരിമരുന്നു ശീലമാക്കിയവർ; ആക്രമണം പതിവ്
ശരാചന്ദ്രൻ വധക്കേസിലെ പ്രതികൾ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും പതിവായി ഉപയോഗിക്കുന്നവരാണെന്ന് പോലീസ്. സംസ്ഥാനത്തിനു പുറത്തുനിന്നും ഇവർ ലഹരി എത്തിക്കുന്നതായി പോലീസിനു സംശയമുണ്ട്. കൊലപാതക കേസിന്റെ അന്വേഷണത്തിനൊപ്പം ലഹരിക്കടത്തും ഉപയോഗവുമായി ബന്ധപ്പെടുത്തിയും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ ടോം തോമസ് 2019-ൽ ഹരിപ്പാട്ട് യുവാവിനെ ആക്രമിച്ച് രണ്ടുപവന്റെ സ്വർണമാല അപഹരിച്ച കേസിൽ ഉൾപ്പെട്ടിരുന്നു. തുടർന്നു രണ്ടുവർഷത്തോളം തിരുവനന്തപുരത്ത് ഒളിവിൽ താമസിച്ച ഇയാളെ കഴിഞ്ഞ ഡിസംബറിലാണ് പിടികൂടിയത്.