തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷനുമായി സംസാരിച്ച് പാര്‍ട്ടി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇതു സംബന്ധിച്ച് ഒരു വിവാദത്തിനും പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ആരെങ്കിലും തമ്മില്‍ പരിഭവം ഉണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെയും ആഗ്രഹം. എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ കേരളത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും തിരിച്ചുവരുകയുള്ളൂവെന്നും സതീശന്‍ വ്യക്തമാക്കി.
‘പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്ലാവരുമായും ആശയവിനിമയം നടത്താറുണ്ട്. നാലര മണിക്കൂര്‍ കെപിസിസി അധ്യക്ഷനുമായി സംസാരിച്ചതിന്റെ പിറ്റേദിവസമാണ് ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറില്ലെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തവന്നത്. തിരുവനന്തപുരത്തുണ്ടെങ്കില്‍ എല്ലാ ദിവസവും കെ.പി.സി.സി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താറുണ്ട്. എല്ലാ ദിവസവും പാര്‍ട്ടി ഓഫീസിലേക്ക് പോയാണ് കൂടിക്കാഴ്ച. ഞങ്ങള്‍ തമ്മില്‍ അത്രയും ബന്ധമുള്ളപ്പോഴാണ് ഭിന്നതയാണെന്നും കണ്ടാല്‍ സംസാരിക്കാറില്ലെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നത്. തെറ്റായ വാര്‍ത്തകള്‍ മധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. ഞങ്ങള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല’, വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയാണ് കെ.സി. വേണുഗോപാല്‍. അനാവശ്യമായ കാര്യങ്ങളില്‍ അദ്ദേഹം ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവിനോ കെ.പി.സി.സി അധ്യക്ഷനോ പരാതിയില്ല. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പേര് പോക്കറ്റില്‍ നിന്ന് എടുത്ത് വായിക്കുന്നതുപോലെ കോണ്‍ഗ്രസില്‍ നടക്കില്ല. എത്രയുംവേഗം പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെയും ആഗ്രഹമെന്നും സതീശന്‍ വ്യക്തമാക്കി.