തിരുവനന്തപുരം: നർത്തകനും അസി. പ്രഫസറുമായ ആർ.എൽ.വി. രാമകൃഷ്ണനെ ജാതീമായി അധിക്ഷേപിച്ച തിരുവനന്തപുരം ഡാൻസ് അക്കാദമി അധ്യാപിക സത്യഭാമക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ഡി.ജി.പിക്ക് പരാതി നൽകി. എസ്.സി-എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീമാണ് പരാതി നൽകിയത്.
കലാരംഗത്തും മോഹിനിയാട്ട മേഖലയിലും ശക്തമായ സാന്നിധ്യവും എം.ജി സർവകലാശാലയിൽ നിന്ന് മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക് ജേതാവുമായിരുന്ന ആർ.എൽ.വി. രാമകൃഷ്ണനെതിരെ സ്വകാര്യ ചാനൽ ഇൻറർവ്യൂവിലെ സംസാര മധ്യേ സത്യഭാമ നടത്തിയത് കൃത്യമായ ജാതി അധിക്ഷേപമാണ്. മോഹിനിയാട്ടം പോലുള്ള കലാരൂപങ്ങളിൽ കറുത്ത നിറത്തിൽപ്പെട്ടവർ പങ്കെടുക്കുന്നതിനെയും കറുത്ത നിറത്തിൽപ്പെട്ടവരും സൗന്ദര്യം കുറഞ്ഞവരുമായ വ്യക്തികൾ വിവിധ കലാമേഖലകളിലേക്ക് കടന്നുവരുന്നതിനെയും അനുചിതമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് സത്യഭാമ പറയുന്നത്.
കറുത്ത നിറമുള്ള കാക്കയുടെ രൂപത്തോട് സമീകരിച്ചു കൊണ്ടാണ് സത്യഭാമ കലാരൂപത്തിൽ പങ്കെടുക്കുന്ന കറുത്ത നിറമുള്ള വ്യക്തികളെ അധിക്ഷേപിച്ചിരിക്കുന്നത്. ഇത് തികച്ചും ജാതി വിവേചനവും വംശീയ അധിക്ഷേപം നിറഞ്ഞതുമായ പ്രസ്താവനയാണ്. വിവിധ മാധ്യമങ്ങളിൽ ഇത് സംബന്ധമായ വിശദീകരണം നൽകിയ വേളയിലും സത്യഭാമ തന്‍റെ ജാതി അധിക്ഷേപ പ്രസ്താവനയിൽ ഉറച്ചുനിൽക്കുക മാത്രമാണ് ചെയ്യുന്നത്.
സമൂഹത്തിൽ വംശീയ വിവേചനവും ജാതി മേൽക്കോയ്മയും ശക്തിപ്പെടുത്തുന്നതിനു കാരണമാകുന്ന പരാമർശം നടത്തിയ സത്യഭാമ എന്ന അധ്യാപികക്കെതിരെ എസ്.സി-എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണം -ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പരാതിയിൽ ആവശ്യപ്പെട്ടു.