ദമ്മാം: സാമൂഹിക ഐക്യം തകർത്ത് അധികാരവഴി തെരഞ്ഞെടുക്കുന്നവർക്കെതിരെ ചരിത്രബോധവും ഉന്നതചിന്തയുമുള്ള യുവതലമുറയെ സൃഷ്ടിച്ച് പ്രതിരോധം തീർക്കുകയാണ് വിദ്യാർഥി സംഘടനകൾക്ക് ചെയ്യാനുള്ളതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്. ഹ്രസ്വസന്ദർശനത്തിന് ദമ്മാമിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
വെറുപ്പ് ഉൽപാദിപ്പിച്ച് അധികാരം കൈയാളിയ ഒരു ഭരണാധികാരിക്കും അധികമൊന്നും മുന്നോട്ടുപോകാനായിട്ടില്ലെന്നത് നമുക്ക് മുന്നിലുള്ള ചരിത്രമാണ്. ഇവർ പറയുന്നത് നുണയാണെന്ന് ജനങ്ങൾ തിരിച്ചറിയുന്ന കാലംവരെ മാത്രമേ ഇവർക്ക് നിലനിൽപുള്ളൂ. ഇന്ത്യയിൽ അതിന്റെ തുടക്കമായിരുന്നു കർണാടകയിൽ സംഭവിച്ചത്. ഒരു വിഭാഗം വെറുപ്പുൽപാദിപ്പിക്കുമ്പോൾ സ്നേഹത്തെക്കുറിച്ച് ഉറക്കെ പറയുകയാണ് ഏറ്റവും വലിയ പ്രതിരോധം. കേവലം ജാഥ നടത്തലും മുദ്രാവാക്യം വിളിക്കലും മാത്രമല്ല വിദ്യാർഥി രാഷ്ട്രീയം. മറിച്ച്, കാലത്തിെൻറ വിളികളെ തിരിച്ചറിഞ്ഞ് പാരമ്പര്യങ്ങളുടെ നന്മയിൽ അഭിമാനംകൊണ്ട് വിദ്യനേടി വെല്ലുവിളികളെ മറികടന്ന് തലയുയർത്തിനിൽക്കുന്ന സമൂഹസൃഷ്ടിയാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം. ഫാഷിസം വന്നോ വന്നില്ലേ എന്ന ചർച്ചകൾക്കപ്പുറം ഏകാധിപത്യഭരണകൂടം ഇവിടെയുണ്ട് എന്ന യാഥാർഥ്യം എം.എസ്.എഫ് തിരിച്ചറിയുന്നു. വിദ്യാസമ്പന്നമായ സമൂഹത്തിെൻറ മുന്നിൽ ഇത്തരം ഭരണകൂടങ്ങൾക്ക് പിടിച്ചുനിൽക്കാനാവില്ല എന്ന ബോധ്യമാണ് ഞങ്ങൾക്കുള്ളത്. ഞങ്ങൾ അതിനായുള്ള യത്നത്തിലാണ്.
പാശ്ചാത്യ സംസ്കാരങ്ങൾെക്കതിരെ മുഖം തിരിഞ്ഞുനിന്ന കമ്യൂണിസ്റ്റുകൾ പക്ഷേ, നമ്മുടെ കാമ്പസുകളിലേക്ക് അരാജകത്വം നിറഞ്ഞ പാശ്ചാത്യ ചിന്തകളെ കൈകൊട്ടി സ്വീകരിക്കുകയാണ്. സ്വതന്ത്രചിന്തയെന്ന പേരിൽ ധാർമികതയെ കൈയൊഴിയുന്ന തലമുറക്കായി ഇവർ കോപ്പുകൂട്ടുന്നു. ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്കെതിരെ അതിശക്തമായ സാംസ്കാരിക പ്രതിരോധമാണ് എം.എസ്.എഫ് കലാലയങ്ങളിൽ സ്വീകരിച്ചത്. അതിന് ഫലം കണ്ടു എന്നതാണ് ഈ വർഷത്തെ കലാലയ അന്തരീക്ഷങ്ങൾ സൂചിപ്പിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ മാന്യമായും വ്യക്തമായും ആശയങ്ങൾകൊണ്ട് പൊരുതാൻ പാകത്തിൽ പ്രവർത്തകരെ സജ്ജമാക്കി കൊണ്ടിരിക്കുകയാണ്. വിർച്വൽ തെരുവുകളെ തെരുവുകളായി തിരിച്ചറിയാൻ അവരെ പാകപ്പെടുത്തും. ഒപ്പം സർഗപ്രതിഭകളെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നു. എം.എസ്.എഫ് സംഘടിപ്പിച്ച ‘വേര്’ സാംസ്കാരികസംഗമം ഉയർത്തിയ ചോദ്യങ്ങളും ചിന്തകളും ഇന്നും സമൂഹത്തിൽ പ്രസക്തമായി നിൽക്കുന്നു.
ഒരുപക്ഷേ, വർത്തമാനകാലത്ത് ഏറ്റവും കൂടുതൽ പരിണാമം സംഭവിച്ച പ്രസ്ഥാനം മുസ്ലിം ലീഗായിരിക്കും. എല്ലാ ആധുനികചിന്തകളോടും പൊരുത്തപ്പെടുന്ന മൂല്യം ചോരാത്ത പ്രവർത്തനശൈലിയാണ് ലീഗിേൻറത്. എം.എസ്.എഫ് പ്രവർത്തകസമിതിയിൽ മൂന്നു പെൺകുട്ടികൾ ഭാരവാഹികളായുണ്ട്. അവരുടെ ഊർജസ്വലമായ പ്രവർത്തനം എം.എസ്.എഫിന് പ്രതീക്ഷ നൽകുന്നതാണ്.