റിയാദ്: സൗദി അറേബ്യയില്‍ ഗ്യാസ് സിലിണ്ടർ വിൽപന കേന്ദ്രങ്ങളുടെ പദവി ശരിയാക്കാൻ അനുവദിച്ച സമയപരിധി മുനിസിപ്പൽ – ഗ്രാമ – പാർപ്പിടകാര്യ മന്ത്രാലയം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപകർക്കുള്ള പിന്തുണയെന്നോണമാണ് സാവകാശം ദീർഘിപ്പിച്ചത്.
മൂന്നു ഘട്ടമായി വിഭജിച്ച ‘പദവി ശരിയാക്കൽ പദ്ധതി’ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം എട്ടു മാസത്തിനു ശേഷം ചില വ്യവസ്ഥകൾ നിർബന്ധമാക്കും. മറ്റു ചില വ്യവസ്ഥകൾ 10 മാസത്തിനു ശേഷവും അവസാനഘട്ട വ്യവസ്ഥകൾ 12 മാസത്തിനു ശേഷവും നിർബന്ധമാക്കുമെന്ന് മുനിസിപ്പൽ – ഗ്രാമ – പാർപ്പിടകാര്യ മന്ത്രാലയം പറഞ്ഞു.
കേന്ദ്രങ്ങൾക്കുള്ള വ്യവസ്ഥകൾ:
1. ഗ്യാസ് സിലിണ്ടറുകളുടെ വില കാണിക്കുന്ന ബോർഡ് സ്ഥാപിക്കണം
2. കടയുടെ മുമ്പിൽ ബോർഡ് സ്ഥാപിക്കണം
3. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്ന സ്ഥലം അഗ്നി പ്രതിരോധശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ച് മറക്കണം
4. വാൽവ് മുകളിൽ വരും വിധം സിലിണ്ടറുകൾ എപ്പോഴും കുത്തിനിറുത്തണം
5. നിറച്ചതും ശൂന്യവുമായ സിലിണ്ടറുകൾ വെവ്വേറെ വെക്കാൻ പ്രത്യേക സ്ഥലങ്ങൾ ഒരുക്കണം
6. സിലിണ്ടർ ഉരുട്ടുകയോ വലിച്ച് നീക്കുകയോ ചെയ്യരുത്
7. സിലിണ്ടറുകൾ കൊണ്ടുപോകാൻ ചെറിയ വാഹനങ്ങൾ ഒരുക്കണം.
ഈ നിബന്ധനകൾ പാലിച്ചാണ് കേന്ദ്രങ്ങൾ നിയപരമായ പദവി ശരിയാക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.