ന്യൂഡൽഹി: ബ്രിക്സ് കൂട്ടായ്മയിലേക്ക് ആറ് പുതിയ രാജ്യങ്ങൾക്ക് കൂടി ക്ഷണം. ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടെയാണ് പുതിയ രാജ്യങ്ങൾക്ക് ക്ഷണം ലഭിച്ചത്. അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളെ ബ്രിക്സിലേക്ക് ക്ഷണിച്ചുവെന്ന് ദക്ഷിഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംപോസ പറഞ്ഞു. 2024 ജനുവരി ഒന്ന് മുതൽ പുതിയ രാജ്യങ്ങളുടെ മെമ്പർഷിപ്പിന് പ്രാബല്യമുണ്ടാകും.
ബ്രിക്സിന്റെ വികസനത്തിനായി നയങ്ങളും യോഗ്യതയും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള നടപടിക്രമങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുത്തുവെന്ന് റാംപോസ പറഞ്ഞു. ആദ്യഘട്ട വികസനമാണ് ഇപ്പോൾ നടത്തുന്നത്. അടുത്ത ഘട്ടം വികസനം വൈകാതെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് സമ്മേളനം വിജയകരമായി നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാംപോസയെ അഭിനന്ദിച്ചു. ബ്രിക്സിലേക്ക് കൂടുതൽ അംഗങ്ങളെത്തുന്നത് സംഘടനയുടെ ശക്തി വർധിപ്പിക്കുമെന്നും നരേന്ദ്ര മോദി പറഞു. അതേസമയം, ബ്രിക്സിൽ പാകിസ്താനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കങ്ങൾ വിജയം കണ്ടില്ല.