റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 3,719 യാചകര്‍ പിടിയിലായി. വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. യാചകരില്‍ നിന്ന് പിടികൂടിയ പണം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഭിക്ഷാടനത്തിലേര്‍പ്പെടുന്നവരെ കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. സൗദിയില്‍ യാചകവൃത്തിയിലേര്‍പ്പെടുന്നവരെ പിടികൂടി നടപടികള്‍ സ്വീകരിക്കുന്ന ചുമതല കഴിഞ്ഞയാഴ്ച മുതല്‍ പൊതുസുരക്ഷാ വകുപ്പിന് നല്‍കിയിട്ടുണ്ട്. സൗദിയില്‍ ഇതുവരെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഭിക്ഷാടന വിരുദ്ധ ഓഫീസുകള്‍ക്കായിരുന്നു യാചകരെ പിടികൂടുന്ന ചുമതലയുണ്ടായിരുന്നത്. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ചാണ് ഭിക്ഷാടന വിരുദ്ധ ഓഫീസുകള്‍ യാചകരെ പിടികൂടിയിരുന്നത്. പുതിയ ഭിക്ഷാടന വിരുദ്ധ നിയമം അനുസരിച്ച് ഭിക്ഷക്കാരെ പിടികൂടുന്ന ചുമതല സുരക്ഷാ വകുപ്പുകള്‍ക്കാണ്.