തിരുവനന്തപുരം : കുറവന്‍കോണം കൊലപാതകത്തിന് പിന്നില്‍ മാലമോഷണമെന്ന് പ്രതി രാജേഷിന്റെ മൊഴി. മോഷണത്തിന് വേണ്ടിയായിരുന്നു വിനീതയെ കൊലപ്പെടുത്തിയതെന്നാണ് രാജേഷ് പറയുന്നത്. ഇതോടെ മോഷ്ടിച്ച മാല കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. ഇന്ന് രാവിലെ തമിഴ്നാട്ടില്‍ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രാജേഷ് കുറ്റം സമ്മതിച്ചത്. തമിഴ്നാട് സ്വദേശിയാണ് രാജേഷ്. പേരൂര്‍ക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാള്‍ക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു. പേരൂര്‍ക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്. ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാതിരുന്നതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാല കാണാനില്ല. വിനീതയുടെ കൈയില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. കുറവന്‍കോണം കൊലപാതക കേസില്‍ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. സംശയാസ്പദമായ രീതിയില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ നടന്നു പോകുന്നതാണ് ദ്യശ്യങ്ങളിലുള്ളത്.