ന്യൂഡൽഹി: കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്ത് വെറുതെ വിട്ടയച്ചത് ചോദ്യം ചെയ്ത് ബിൽകീസ് ബാനു സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിനും ഗുജറാത്ത് സർക്കാറിനും സുപ്രീം കോടതിയുടെ നോട്ടീസ്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ഏപ്രിൽ 18ന് ലഭിക്കണമെന്ന് ഗുജറാത്ത് സർക്കാറിനോട് സുപ്രീം കോടതി നിർദേശിച്ചു.
കേസിൽ വികാരങ്ങൾ അടിച്ചേൽപ്പിക്കില്ലെന്നും നിയമത്തിന്റെ വഴിയേ പോകൂവെന്നും ജസ്റ്റിസുമാരായ കെ.എം ജോസഫും ബി.വി നാഗരത്നയും അടങ്ങുന്ന ബെഞ്ച് വാദത്തിനിടെ നിരീക്ഷിച്ചു.
ബിൽകീസിന്‍റെ ഹരജി കേൾക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കഴിഞ്ഞയാഴ്ച സമ്മതിച്ചിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെയാണ് ബിൽകീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിനിരയാകുന്ന സമയത്ത് അഞ്ചുമാസം ഗർഭിണിയായിരുന്നു ബിൽകീസ്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും കഴിഞ്ഞ ആഗസ്റ്റിലാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ശിക്ഷയിളവ് നൽകണമെന്ന പ്രതികളുടെ അഭ്യർഥനയെ തുടർന്ന് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. പ്രതികളെ വിട്ടയക്കണമോയെന്ന് തീരുമാനിക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെയായിരുന്നു തീരുമാനം.