ദില്ലി: പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി സ്വവർഗാനുരാഗിയായ പെൺകുട്ടി നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ. തന്റെ പങ്കാളിയായ പെൺകുട്ടിയെ കൗൺസിലിംഗിന് വിടാനുള്ള ഹൈക്കോടതി നിർദ്ദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി എത്തിയത്. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി നടപടികൾ താൽകാലികമായി സ്റ്റേ ചെയ്തു. കൂടാതെ പെൺകുട്ടിയെ കൊല്ലം കുടുംബക്കോടതിയിൽ ഹാജരാക്കണമെന്നും സുപ്രീം കോടതി അഡീഷണൽ രജിസ്ട്രാർ പെൺകുട്ടിയെ കണ്ട് സംസാരിച്ച് റിപ്പോർട്ട് രഹസ്യരേഖയായി കോടതിയിൽ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.
കേസ് ഫെബ്രൂവരി പതിനേഴിന് വീണ്ടും പരിഗണിക്കും. കേസിൽ കക്ഷികളായ പെൺകുട്ടിയുടെ മാതാപിതാകൾക്ക് അടക്കം കോടതി നോട്ടീസ് അയച്ചു. സ്വന്തം ലൈെംഗിക ബോധം തിരിച്ചറിഞ്ഞ തന്റെ പങ്കളാളിയെ വീട്ടുകാർ തടങ്കലിലാക്കിയെന്ന് ഹർജിക്കാരിയായ പെൺകുട്ടി ആരോപിക്കുന്നത്. ഹർജിക്കാരിക്കായി അഭിഭാഷകരായ ശ്രീറാം പ്രക്കാട്ട്, വിഷ്ണു ശങ്കർ ചിതറ എന്നിവർ ഹാജരായി